തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസിൽനിന്ന് വിരമിച്ച ഐ.പി.എസുകാരെയും ഓർമ വേണമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

വിരമിച്ച ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മരണവിവരം ഔദ്യോഗിക വഴിയിലൂടെയല്ലാതെ അറിയേണ്ടി വന്നതിനു പിന്നാലെയാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ ക്ഷേമം അന്വേഷിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പോലീസ് മേധാവി പുറപ്പെടുവിച്ചത്. പോലീസ് ആസ്ഥാനത്തെ എ.ഐ.ജി.യെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേരള പോലീസിൽനിന്ന് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥർ മറ്റേതെങ്കിലും സംസ്ഥാനത്താണ് താമസിക്കുന്നതെങ്കിലും അവരുമായി ബന്ധം പുലർത്തണമെന്ന 2019-ൽത്തന്നെ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രതയുണ്ടാകാതിരുന്നതിനാലാണ് അക്കാര്യം ഓർമിപ്പിച്ച് വീണ്ടും നിർദേശം നൽകിയത്. വിരമിച്ചശേഷം കേരളത്തിനകത്തും പുറത്തും താമസിക്കുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ക്ഷേമാന്വേഷണം നടത്തണം. സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്നവർ എവിടെയാണെന്ന് അറിയാൻ അതതിടത്തെ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെടണം. ഐ.പി.എസ്. അസോസിയേഷന്റെ കേരള ചാപ്റ്ററും കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവെക്കാനും പോലീസ് മേധാവി അഭ്യർഥിച്ചു.

വകുപ്പിന്റെ വിവിധ പരിപാടികൾക്ക് അയക്കണമെന്നും പരിപാടി സംബന്ധിച്ച സന്ദേശങ്ങൾ ലഭിച്ചാൽ ചടങ്ങിൽ അത് വായിക്കണമെന്നും വ്യക്തമാക്കി. സിവിൽ സർവീസ് ദിനത്തിൽ ഈ ഉദ്യോഗസ്ഥർക്ക് പോലീസ് മേധാവിയുടെ സന്ദേശം ഇ-മെയിൽ വഴിയോ വാട്സാപ്പ് വഴിയോ നൽകണം. വിരമിച്ച ഉദ്യോഗസ്ഥരുടെ മരണവിവരങ്ങൾ യഥാസമയം വിരമിച്ചവരും സർവീസിലുള്ളവരുമായ എല്ലാ ഐ.പി.എസ്. ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിയുമെങ്കിൽ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ബെഹ്‌റ നിർദേശിച്ചു.