തിരുവനന്തപുരം: ഘടകകക്ഷികളുടെ വകുപ്പുകൾ സംബന്ധിച്ച ധാരണയായിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കും അന്തിമം. സി.പി.എമ്മിന്റെ അക്കൗണ്ടിൽ നിന്നായിരിക്കും പുതുതായി വരുന്ന ഘടകകക്ഷികൾക്ക് വകുപ്പ് കണ്ടെത്തേണ്ടി വരുക. സി.പി.ഐ. വകുപ്പുകളിൽ വലിയ മാറ്റമുണ്ടാകില്ല. എന്നാൽ, ചെറിയ നഷ്ടം വരാനും സാധ്യതയുണ്ട്. കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ ടേമിൽ മന്ത്രിസ്ഥാനമില്ലാത്തതിനാൽ അദ്ദേഹം ചുമതല വഹിച്ചിരുന്ന തുറമുഖം, മ്യൂസിയം വകുപ്പുകൾ പൊതു പൂളിൽ വരും. കേരള കോൺഗ്രസ് ഉന്നതവിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് പ്രധാനമായും ചോദിച്ചത്. ഒരു മന്ത്രിയും ഒരു ചീഫ് വിപ്പുമാണ് നൽകിയതെന്നതിനാൽ മെച്ചപ്പെട്ട വകുപ്പ് വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്. പൊതുമരാമത്ത് വകുപ്പായിരിക്കും കേരള കോൺഗ്രസിന് ലഭിക്കാൻ സാധ്യതയെന്നാണ് സൂചന. രജിസ്‌ട്രേഷൻ വകുപ്പും ലഭിച്ചേക്കും.

സി.പി.ഐ.യിൽനിന്ന് കൃഷി ഏറ്റെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അത് വിട്ടുനൽകാൻ അവർ തയ്യാറായിട്ടില്ല. പകരം അവർ കൈവശം െവച്ചിരുന്ന വനം, മൃഗസംരക്ഷണം, ഭവനനിർമാണ വകുപ്പുകളിൽ ഏതെങ്കിലും നഷ്ടപ്പെടാം. റവന്യൂ, സിവിൽസപ്ലൈസ്, കൃഷി വകുപ്പുകൾ തുടർന്നും സി.പി.ഐ.ക്കായിരിക്കുമെന്നാണ് സൂചന. വനമാണ് വിട്ടുനൽകുന്നതെങ്കിൽ ചെറിയ മറ്റേതെങ്കിലും വകുപ്പ് പകരം ലഭിക്കാനുമിടയുണ്ട്.

ജനതാദൾ എസിന് തുടർന്നും ജലസേചനം ലഭിച്ചേക്കും. ഗതാഗതം സി.പി.എം. ഏറ്റെടുത്ത് എൻ.സി.പി.യുടെ വകുപ്പിൽ മാറ്റത്തിന് സാധ്യതയുണ്ട്. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ വകുപ്പുകളിൽ ബന്ധപ്പെട്ട പാർട്ടികൾ പ്രത്യേക ആവശ്യം ഉന്നയിച്ചിട്ടില്ല. രണ്ടരവർഷം കഴിയുമ്പോൾ ഇവർക്ക് പകരംവരുന്ന കെ.ബി. ഗണേഷ്‌കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെക്കൂടി കണക്കിലെടുത്താകും ഇവർക്കുള്ള വകുപ്പുകൾ തീരുമാനിക്കുക. തീരദേശ മേഖലയുടെ കൂടി പ്രതിനിധിയെന്ന നിലയിൽ ആന്റണി രാജുവിന് ഫിഷറീസ് വകുപ്പ് നൽകാൻ സാധ്യതയുണ്ട്.