തിരുവനന്തപുരം: എച്ച്.ഐ.വി. രോഗികൾക്ക് സർക്കാർ പ്രതിമാസം നൽകുന്ന 1000 രൂപയുടെ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇതിന് നടപടിയെടുത്തശേഷം ആരോഗ്യവകുപ്പ് സെക്രട്ടറി നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചു. കേസ് ജൂലായ് 16-ന് പരിഗണിക്കും. എച്ച്.ഐ.വി. ബാധിതർക്ക് ആറുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.