തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചെങ്കിലും സ്വകാര്യബസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽമാത്രമേ സർവീസ് നടത്താവൂവെന്ന് മന്ത്രി ആൻറണി രാജു അറിയിച്ചു. ഒറ്റ-ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചമുതൽ ഇത് ബാധകമാവും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ലോക്ഡൗണിൽ ഇളവുപ്രഖ്യാപിച്ചപ്പോൾ യാത്രക്കാരുടെ ആവശ്യാനുസരണം സ്വകാര്യബസുകൾക്ക് സർവീസ് നടത്താമെന്നായിരുന്നു ഉത്തരവ്.

വെള്ളിയാഴ്ച ഒറ്റ അക്ക നമ്പർ ബസുകളും വരുന്ന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്കും ചൊവ്വയും വ്യാഴവും അതിനടുത്ത തിങ്കളാഴ്ചയും ഒറ്റ അക്ക നമ്പർ ബസുകൾക്കും സർവീസ് നടത്താം. തുടർന്നുള്ള ദിവസങ്ങളിലും ഇതേക്രമം പാലിക്കണം. ശനിയും ഞായറും സർവീസ് അനുവദിക്കില്ല.