തിരുവനന്തപുരം: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്ത കസ്റ്റംസിനെതിരേ അവകാശലംഘന പരാതി.

നിയമസഭാസെക്രട്ടറിക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ കത്ത് മാധ്യമങ്ങൾക്ക് അവർ ചോർത്തിനൽകിയെന്നാണ് ആരോപണം. ഇത് നിയമസഭയുടെ അവകാശലംഘനമാണെന്ന് ആരോപിച്ച് രാജു എബ്രഹാമാണ് പരാതി നൽകിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരായ എം.വസന്തഗണേശൻ, സുമിത്കുമാർ, കെ.സലീൽ എന്നിവർക്കെതിരേയാണ്‌ പരാതി.

പരാതി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവകാശലംഘനം സംബന്ധിച്ച സമിതിക്ക്‌ കൈമാറി. സമിതിയുടെ ചൊവ്വാഴ്ച ചേരുന്ന യോഗം ഇത്‌ പരിഗണിക്കും.

ആദ്യം ആവശ്യപ്പെട്ടപ്പോൾ അയ്യപ്പൻ ചോദ്യംചെയ്യലിന്‌ ഹാജരായില്ല. നിയമസഭാപരിസരത്ത് ഉദ്യോഗസ്ഥന് നോട്ടീസ് നൽകാൻ സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്നുചൂണ്ടിക്കാട്ടി നിയമസഭാസെക്രട്ടറി കസ്റ്റംസിന് കത്തുനൽകി. പിന്നീട് വീട്ടിലെ വിലാസത്തിൽ അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നൽകി. നിയമസഭാസെക്രട്ടറിക്ക് മറുപടിയായി നൽകിയ കത്താണ് മാധ്യമങ്ങളിൽ വന്നത്.

സഭാചട്ടങ്ങൾ വ്യാഖ്യാനിച്ചും നിർദേശരൂപേണയുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയുമുള്ള കത്ത് ചോർത്തിനൽകിയത് സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് രാജു എബ്രഹാം ആരോപിച്ചു. ഇ.ഡി.ക്കും നേരത്തേ അവകാശലംഘത്തിന് നോട്ടീസ് നൽകിയിരുന്നു. ലൈഫ് മിഷന്റെ ഫയലുകൾ ആവശ്യപ്പെട്ടതിനും നിയമസഭാസെക്രട്ടറിക്കുനൽകിയ മറുപടി മാധ്യമങ്ങൾക്ക്‌ ചോർത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതുസംബന്ധിച്ച നടപടികൾ തുടരുകയാണ്.