കൊച്ചി: സംസ്ഥാന ബജറ്റ് നിരാശപ്പെടുത്തിയതായി ജില്ലാ പഞ്ചായത്തുകൾ. ഫണ്ടുകൾ വെട്ടിക്കുറച്ചത് ജില്ലാ പഞ്ചായത്തുകളുടെ വികസന സ്വപ്‌നങ്ങൾക്കു തിരിച്ചടിയാകുമെന്നാണ് ആക്ഷേപം. ബജറ്റ് വിഹിതത്തിൽ മിക്ക ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും നിരാശരാണ്. പ്രവർത്തന വർഷംതന്നെ ഫണ്ടിൽ കുറവുവന്നതു ശരിയായില്ലെന്നാണ് ഇവർ പറയുന്നത്. ധനമന്ത്രിയെ നേരിൽക്കണ്ട്‌ കാര്യം ധരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവരിൽ പലരും.

ഇപ്പോൾ കിട്ടിയ ഫണ്ടുകൊണ്ട് ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവൃത്തിപോലും ചെയ്യാൻ പറ്റില്ലെന്ന അഭിപ്രായമാണുയരുന്നത്. പ്ലാൻഫണ്ടും എസ്.ടി., എസ്.സി. ഫണ്ടുകളും വെട്ടിക്കുറച്ചു. റോഡ് മെയിന്റനൻസ് ഗ്രാന്റും റോഡിതര മെയിന്റനൻസ് ഗ്രാന്റും മുൻ വർഷങ്ങളെക്കാൾ കുറവാണ്. റോഡ് മെയിന്റനൻസ് ഗ്രാന്റ് കുറച്ചത്‌ വലിയ തിരിച്ചടിയാവും. എറണാകുളം ജില്ലാ പഞ്ചായത്തിന് അനുവദിച്ച റോഡ് മെയിന്റനൻസ് ഗ്രാന്റ് 3.74 കോടി രൂപ മാത്രമാണ്. മുൻ വർഷം അറുപത്തഞ്ചു കോടിയോളം രൂപ അനുവദിച്ച സ്ഥാനത്താണിത്. ഫണ്ട് കുറവായതിനാൽ വലിയ റോഡ് പദ്ധതികളൊന്നും ആസൂത്രണം ചെയ്യാൻ കഴിയില്ല.

റോഡിതര മെയിന്റനൻസ് ഗ്രാന്റും വെട്ടിക്കുറച്ചു. കഴിഞ്ഞ തവണ ജില്ലയിൽ 10.15 കോടിയായിരുന്നു. ഇക്കുറി 4.69 കോടിയും. ഇത് പ്രധാനമായും ബാധിക്കുക ജില്ലാ പഞ്ചായത്തുകൾക്കു കീഴിലുള്ള ആശുപത്രികൾ, ഫാമുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ പ്രവൃത്തികളെയാണ്. ജില്ലാ പഞ്ചായത്തുകൾക്കു കീഴിലാണ്‌ ജനറൽ ആശുപത്രിയും ജില്ലാ ആയുർവേദ ആശുപത്രിയും ജില്ലാ ഹോമിയോ ആശുപത്രിയുമെല്ലാം.

എറണാകുളത്തെ പദ്ധതിവിഹിതം കഴിഞ്ഞ തവണ 30.98 കോടിയായിരുന്നുവെങ്കിൽ ഇത്തവണ 28.85 കോടിയാണ്. പട്ടികജാതി പ്രത്യേക പദ്ധതികൾക്കായുള്ള ഫണ്ടും ഇക്കുറി കുറച്ചു. 16.41 കോടി ലഭിച്ചിരുന്നത് 15.42 കോടിയായി. പട്ടികവർഗ ഫണ്ടിലും കുറവുണ്ടായി; 89 ലക്ഷം കഴിഞ്ഞ വർഷം അനുവദിച്ചപ്പോൾ ഇക്കുറിയത് 64 ലക്ഷമായി. എറണാകുളം ജില്ലാ പഞ്ചായത്തിന്‌ കഴിഞ്ഞ വർഷം ആകെ കിട്ടിയത് 137.82 കോടി രൂപ. ഇക്കുറിയത് 51.31 കോടിയായി ചുരുങ്ങി.

വികസന പ്രവർത്തനത്തെ സാരമായി ബാധിക്കും

ജില്ലാ പഞ്ചായത്തുകളുടെ ഫണ്ട്‌ കുറച്ചത്‌ വികസന പ്രവർത്തനത്തെ ബാധിക്കും. മഹാമാരി വിതച്ച മാന്ദ്യത്തിൽനിന്നു തിരിച്ചുവരവിന്റെ പാതയിലാണ് നാട്. ഈ സമയത്ത് ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടു വിഹിതം കൂട്ടുകയാണ് വേണ്ടത്. റോഡ്, ആശുപത്രി, സ്‌കൂളുകൾ എന്നിവയുടെ വികസനത്തെയും കാർഷിക മേഖലയിലെ പ്രവർത്തനങ്ങളെയും ഇത് പ്രതിസന്ധിയിലാക്കും.

- ഉല്ലാസ് തോമസ്, പ്രസിഡന്റ്, എറണാകുളം ജില്ലാ പഞ്ചായത്ത്‌