കോട്ടയം: സി.എസ്.ഐ. മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പ് റവ. ഡോ. സാബു കെ.ചെറിയാന്റെ സ്ഥാനാഭിഷേകം തിങ്കളാഴ്ച നടക്കും.

കോട്ടയം ചാലുകുന്നിലെ സി.എസ്.ഐ. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തിങ്കളാഴ്‌ച രാവിലെ എട്ടുമണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.

കത്തീഡ്രൽ ഹൗസിൽനിന്ന്‌ നിയുക്ത ബിഷപ്പിനെ ദേവാലയത്തിലേക്ക് ആനയിക്കും. കത്തീഡ്രൽ ദേവാലയത്തിലെ ശുദ്ധീകരണപ്രാർത്ഥനയ്ക്കുശേഷം റവ. സാബു കെ.ചെറിയാനെ മൂന്ന്‌ പട്ടക്കാർ ചേർന്ന് സി.എസ്.ഐ. സഭയുടെ പരമാധ്യക്ഷനായ മോഡറേറ്റർ മുമ്പാകെ ഹാജരാക്കും. തുടർന്നാണ് മെത്രാഭിഷേകശുശ്രൂഷ. മോഡറേറ്റർ അദ്ദേഹത്തെ സി.എസ്.ഐ. സഭയിലെ ബിഷപ്പായി പ്രഖ്യാപിക്കും.

11 മണിക്ക് ബെഞ്ചമിൻ ബെയ്‌ലി ഹാളിൽ അനുമോദനസമ്മേളനം സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ. മോഡറേറ്റർ ബിഷപ്പ് എ.ധർമരാജ് റസാലം അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ആശംസകൾ അറിയിക്കും.