തെന്മല (കൊല്ലം) : സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാംസമ്മാനമായ പന്ത്രണ്ടുകോടി ആര്യങ്കാവിലെ ഏജൻസി വിറ്റ ടിക്കറ്റിന്. ആര്യങ്കാവ് പഴയ വാണിജ്യനികുതി ചെക്ക്‌പോസ്റ്റിന് സമീപത്തെ ഭരണി ഏജൻസി വിറ്റ എക്സ്‌.ജി. 358753 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. എന്നാൽ ഭാഗ്യവാൻ ആരാണെന്ന് അറിവായിട്ടില്ല.

ഏജൻസിയിലെ കൗണ്ടർ വഴി നൽകിയതാണീ ടിക്കറ്റ്. അതിനാൽ അയ്യപ്പഭക്തർക്കോ ലോറി ജീവനക്കാർക്കോ അതിർത്തിയോടുചേർന്ന ഭാഗമായതിനാൽ തമിഴ്‍നാട് സ്വദേശികൾക്കോ സമ്മാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഏജൻസിവഴി 1800 ടിക്കറ്റുകളാണ് വിറ്റതെന്ന് കടയുടമ വെങ്കിടേഷ് പറഞ്ഞു. വിൽപ്പനയ്ക്കായി തിരുവനന്തപുരത്തുള്ള ഏജൻസിയിൽനിന്നാണ് ടിക്കറ്റെടുത്തത്.

തെങ്കാശി സ്വദേശിയായ വെങ്കിടേഷ് ഇരുപതുവർഷമായി ആര്യങ്കാവിൽ ലോട്ടറി കച്ചവടം നടത്തുന്നു. സഹോദരൻ കാർത്തിക്കുമായി ചേർന്ന് ആര്യങ്കാവിൽത്തന്നെ മൂന്നുകടകൾ നടത്തുന്നുണ്ട്.