ശബരിമല: ശബരിമല പ്രസാദം വൈകാതെ ഓൺലൈനിലൂടെയും ബുക്ക് ചെയ്യാൻ സംവിധാനം വരും. ഇത് നടപ്പായാൽ മൊബൈലിലും പ്രസാദം ബുക്ക് ചെയ്യാൻ കഴിയും. ഇപ്പോൾ പോസ്റ്റോഫീസിൽ ചെന്നാണ് ബുക്ക് ചെയ്യേണ്ടത്. ഇതിന് 450 രൂപയാണ് തപാൽ വകുപ്പ് ഈടാക്കുന്നത്.അരവണ, മാളികപ്പുറത്തെ മഞ്ഞളും കുങ്കുമവും, ആടിയശിഷ്ടം നെയ്യ്, വിഭൂതി, അർച്ചനപ്രസാദം എന്നിവ അടങ്ങുന്നതാണ് പ്രസാദകിറ്റ്. ഇതിലൂടെ ദേവസ്വത്തിന് ശനിയാഴ്ചവരെ ലഭിച്ചത് ഒരു കോടിയിലേറെ രൂപയാണ്.ഇപ്പോഴത്തെ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ് മുൻകൈയെടുത്താണ് തപാലിലൂടെ പ്രസാദം നൽകുകയെന്ന ആശയം പ്രാവർത്തികമാക്കിയത്. തിരുവല്ല പോസ്റ്റോഫീസിനാണ് ഇതിന്റെ ചുമതല.ശബരിമല സന്ദർശിക്കാൻ അനുവാദമില്ലാത്ത സ്ത്രീകൾക്കടക്കം ആർക്കും പോസ്റ്റോഫീസിലൂടെ ഇന്ത്യയിലെവിടെനിന്നും പ്രസാദം തപാലിൽ ലഭ്യമാക്കാം. മണ്ഡല-മകരവിളക്കുകാലത്തും എല്ലാ മലയാളമാസത്തിലെയും അഞ്ച്‌ ദിവസവും പ്രസാദം ലഭിക്കും.