കൊച്ചി: സഭാ നേതൃത്വത്തിനും പ്രബോധനങ്ങൾക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്ന അച്ചടക്ക ലംഘനങ്ങൾക്കെതിരേ സഭാ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ രൂപതാദ്ധ്യക്ഷൻമാർക്ക് സിനഡ് നിർദേശം നല്കി. വ്യാജരേഖാ കേസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധ പദവിയെക്കുറിച്ച് വിവാദമുയർത്തിയ ലേഖനം, സഭയുടെ പേരിൽ മൗലികവാദപരമായ നിലപാടുകൾ പ്രഖ്യാപിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ ഉയർത്തുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്തിരുന്നു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിനഡ് ഇത്തരമൊരു നിർദേശം നൽകിയത്. ആറു ദിവസമായി ഓൺലൈനിൽ നടന്നുവന്ന സിറോ മലബാർ സിനഡിൽ രൂപതകളുടെ ചുമതലയുള്ളവരും വിരമിച്ചവരുമായ 59 മെത്രാന്മാർ പങ്കെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജർ ആർച്ച്‌ ബിഷപ്പിനെതിരേ നല്കപ്പെട്ടിരുന്ന പരാതികൾ നിലനിൽക്കുന്നവയല്ല എന്ന പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങൾ മെത്രാപ്പോലീത്തൻ വികാരി ആർച്ച്‌ ബിഷപ്പ് ആന്റണി കരിയിൽ പൂർത്തിയാക്കണമെന്ന് സിനഡ് നിർദേശിച്ചു. രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകണമെന്ന് സിനഡ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സിറോ മലബാർ സഭയിലെ കുർബ്ബാനയുടെ പരിഷ്കരിച്ച ക്രമം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കാനും സിനഡിൽ തീരുമാനമായി. സിറോ മലബാർ കുർബ്ബാനയിലെ വചന വായനയ്ക്കായി രണ്ടാമതൊരു വായനാ കലണ്ടറിനു കൂടി പരീക്ഷണാർത്ഥം സിനഡ് അംഗീകാരം നല്കി. മൃതശരീരങ്ങൾ ദഹിപ്പിക്കുന്നതിന് സഭാ നിയമപ്രകാരം അനുവാദമുള്ളതിനാൽ പ്രസ്തുത സാഹചര്യങ്ങളിൽ അനുഷ്ഠിക്കേണ്ട കർമങ്ങളുടെ ക്രമത്തിനും സിനഡ് അംഗീകാരം നൽകി. സിറോ മലബാർ സഭയുടെ അസംബ്ലി 2022 ഓഗസ്റ്റ് മാസത്തിൽ ചേരാൻ തീരുമാനിച്ചു.