അടൂർ: കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻറെ അടൂരിലെ കാന്റീനിൽ വൻ അഴിമതി നടന്നതായി കമാൻഡന്റ് ജെ.ജയനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. 2018-19 കാലഘട്ടത്തിൽ 42,29,956 രൂപയുടെ ചെലവാകാൻ സാധ്യതയില്ലാത്ത സാധനങ്ങൾ കാന്റീനിൽ വാങ്ങിയെന്നും ലക്ഷങ്ങളുടെ സാധനങ്ങൾ കാണാതായെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്റ്റോക്കിലുള്ള 11,33,777 രൂപയുടെ സാധനങ്ങളാണ് കാണാതായത്. 2018-19 കാലഘട്ടത്തിൽ വാങ്ങിക്കൂട്ടിയ ഉത്പന്നങ്ങളിൽപ്പെടുന്നതാണിത്. സ്റ്റോക്കിലെ കണക്കിൽപ്പെടാത്ത 2,24,342 രൂപയുടെ സാധനങ്ങൾ കണ്ടെത്തുകയുംചെയ്തു. സംസ്ഥാനതല കാന്റീൻ യോഗങ്ങളിൽ പങ്കെടുക്കുന്ന വ്യക്തിതന്നെയാണ് ഇവിടെ കണക്കുകൾ പരിശോധിച്ചിരുന്നത്. ഇത് സാമാന്യയുക്തിക്ക് യോജിച്ചതല്ലെന്നും കണക്കുകൾ പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ വേണമെന്നും റിപ്പോർ‌ട്ടിലുണ്ട്. ജനുവരി നാലിനാണ് റിപ്പോർട്ട് നൽകിയത്.

തട്ടിപ്പുകൾ പിടിച്ചിരുന്നു

പ്രതിവർഷം 15-20 കോടി രൂപയുടെമാത്രം വിൽപ്പന നടക്കുന്ന കാന്റീനാണിത്. 2020 ഡിസംബറിൽ ഒരു ജീവനക്കാരനെ ഒഴിവാക്കിയിരുന്നു. ഇയാൾ, കൊല്ലം റൂറലിലെ ഒരു സി.പി.ഒ.യുടെ അടുത്ത ബന്ധുവെന്ന വ്യാജേന ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഇയാൾ, കാന്റീനിൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കുവേണ്ടി ജോലിചെയ്തെന്നും പ്രതിഫലംപറ്റിയെന്നും കണ്ടതിനെത്തുടർന്നാണ് ഒഴിവാക്കിയത്.