കൊച്ചി: ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി വാലന്റൈൻ സ്പെഷ്യൽ പ്രണയ സമ്മാനങ്ങൾ ഒരുക്കി ഇന്ത്യയിലെ ആദ്യ ട്രാൻസ്‌മെൻ പൈലറ്റ് ആദം ഹാരി. പ്രണയദിനത്തിൽ കൈമാറാനായി നിരവധി സമ്മാനങ്ങൾ കടകളിലും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും ലഭ്യമാണെങ്കിലും എൽ.ജി.ബി.ടി.ക്യു. വിഭാഗത്തിലുള്ളവർക്ക് അവരുടെ താത്പര്യങ്ങൾക്കുള്ള സമ്മാനങ്ങൾ ലഭിക്കാറില്ല.

ഇതിന് പരിഹാരമായാണ് ആദം ഹാരി ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പ്രണയ സമ്മാനങ്ങൾ ഒരുക്കുന്നത്. ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ചുള്ള കസ്റ്റമൈസ്ഡ് സമ്മാനങ്ങളാണ് ആദം ഹാരി നൽകുന്നത്. കപ്പിൾ ടീഷർട്ട്, മാസ്ക്, ഡ്രീം ക്യാച്ചർ, കപ്പ്, ആശംസാ കാർഡ്, പുസ്തകം, പെയിന്റിങ് എന്നിവയാണ് പ്രധാന സമ്മാനങ്ങൾ. ഈ സമ്മാനങ്ങൾ രൂപകല്പന ചെയ്യുന്നതും വിതരണം ചെയ്യുന്നതും എൽ.ജി.ബി.ടി.ക്യു. വിഭാഗത്തിലുള്ളവരാണ്. കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവും.

തൊഴിൽ നഷ്ടപ്പെട്ടവർക്കും വരുമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആദം പദ്ധതി ആരംഭിച്ചത്.

എയർലൈൻ പൈലറ്റാകാനുള്ള കൊമേഴ്സ്യൽ ലൈസൻസ് നേടാൻ സാമൂഹിക നീതി വകുപ്പ് 25 ലക്ഷം രൂപ ആദം ഹാരിക്കായി അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ട്രെയിനി പൈലറ്റ് കോഴ്‌സ് പഠിക്കുകയാണ് ആദം. ഇതിനിടയിലാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി ഇത്തരമൊരു സംരംഭവുമായി ആദം മുന്നോട്ടുപോകുന്നത്. റെയിൻബോ വിങ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ സമ്മാനങ്ങൾ ബുക്ക് ചെയ്യാം.