തിരുവനന്തപുരം: ചെലവാകാൻ സാധ്യതയില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടി അടൂർ സബ്‌സിഡിയറി സെൻട്രൽ പോലീസ് കാന്റീനിൽ ക്രമക്കേടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത്. 42,29,956 രൂപയുടെ സാധനങ്ങൾ 2018-19 കാലത്ത് വാങ്ങിക്കൂട്ടിയെന്നാണ് സായുധാസേനാ മൂന്നാം ബറ്റാലിയൻ കമാൻഡന്റ് ജെ. ജയനാഥ് പോലീസ് മേധാവിക്ക് കത്ത് നൽകിയത്. അധികാരസ്ഥാനങ്ങളിൽനിന്ന് വാക്കാലുള്ള നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടൽ. പോലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ വാട്സാപ്പ് മുഖേന നിർദേശങ്ങൾ നൽകിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അത്തരം നിർദേശങ്ങൾ അനുമതിയോടെമാത്രം അനുസരിച്ചാൽ മതിയെന്ന് നിർദേശിച്ചിരുന്നെന്നും കത്തിൽ പറയുന്നു.

കാന്റീൻ സ്റ്റോക്കിൽ 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ല. 2018-19 കാലത്ത് വാങ്ങിയ സാധനങ്ങളിൽനിന്നാണ് ഇത്രയും കാണാതായത്. കാന്റീനിൽ കണക്കിൽപ്പെടാത്ത 2,24,342 രൂപയുടെ സാധനങ്ങളും കണ്ടെത്തി. കാന്റീൻ ജീവനക്കാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. കൊല്ലം റൂറൽ പോലീസിലെ ഒരു ഉദ്യോഗസ്ഥന്റെ ബന്ധുവെന്ന വ്യാജേന ദിവസവേതനാടിസ്ഥാനത്തിൽ ഒരാൾ ഇവിടെ ജോലിനോക്കിയിരുന്നു. ഇയാൾ ഉത്‌പന്നങ്ങൾ വിതരണംചെയ്യുന്ന കമ്പനികൾക്കുവേണ്ടി ജോലിചെയ്ത് പ്രതിഫലം പറ്റിയതായും കണ്ടെത്തി. ഇതിൽ കൂടുതൽ അന്വേഷണംവേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അടൂർ എസ്.സി.പി.സി. ഗോഡൗൺ നിർമാണത്തിൽ ക്രമക്കേടുകൾ നടന്നതായി മാനേജർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവരങ്ങളൊക്കെ പോലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും കുറ്റക്കാരെ കണ്ടെത്താനോ ശിക്ഷിക്കാനോ ഗൗരവമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. പോലീസിനുപുറത്തുള്ള ഏതെങ്കിലും ഏജൻസിയെ അന്വഷണത്തിനായി നിയോഗിക്കണമെന്നും ജയനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.

കത്തിന്റെപകർപ്പ് പോലീസ് സംഘടനാനേതാക്കൾക്കും നൽകി. പോലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശങ്ങളെ പരിഹാസ്യരൂപേണ കാണുന്നുവെന്നും അച്ചടക്കലംഘനം നടത്തുന്നുവെന്നും കാട്ടി ജയനാഥിനെതിരേ വകുപ്പുതല അന്വേഷണത്തിന് നേരത്തേ ഉത്തരവിട്ടിരുന്നു.