ചിറയിൻകീഴ്: അഴൂർ കടവ് പാലത്തിനു സമീപം കായലിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വഴുതക്കാട് ഉദാരശിരോമണി റോഡിൽ ടി.സി. 15/784ൽ വിഘ്‌നേശ് ആകാശ്(27) ആണ് മരിച്ചത്.

സുഹൃത്തുക്കളുമായി രാത്രിയിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം. ഞായറാഴ്ച പുലർച്ചെ 1.15-നാണ് അപകടം നടന്നത്.

അഞ്ചംഗസംഘം ഉല്ലാസത്തിനായി രാത്രികാല ഡ്രൈവിന് ഇറങ്ങിയതായിരുന്നു. സംഘം പെരുമാതുറവഴി അഴൂരിൽ എത്തി. ബെംഗളൂരുവിൽ പോകാനിരുന്ന സുഹൃത്തിനെ യാത്രയാക്കുന്നതിന്റെ ഭാഗമായാണ് ഒരുമിച്ച് ഡ്രൈവിനിറങ്ങിയത്.

ഇതിനുമുമ്പും സംഘം പലതവണ ഇവിടെ വന്നിട്ടുണ്ടെന്നാണ് വിവരം. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ കരയിൽ നിൽക്കുകയും ആകാശും മറ്റൊരു സുഹൃത്തായ വിജയ് ശങ്കറും കുളിയ്ക്കാനായി വെള്ളത്തിൽ ഇറങ്ങി. ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഇരുവരും കയത്തിലകപ്പെട്ടു. മറ്റുള്ളവരുടെ നിലവിളി കേട്ട് ഓടി എത്തിയ മീൻപിടിത്തക്കാരിൽ ചിലർ വല എറിഞ്ഞ് കൊടുത്ത് വിജയ് ശങ്കറെ രക്ഷിച്ചു. വിഘ്‌നേശിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

സംഭവം അറിഞ്ഞെത്തിയ ആറ്റിങ്ങൽ അഗ്നിരക്ഷാസേനയ്ക്കും ചിറയിൻകീഴ് പോലീസിനും രാത്രി ആയതിനാൽ കൂടുതൽ തിരച്ചിൽ നടത്താൻ സാധിച്ചില്ല. തുടർന്ന് രാവിലെ ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിലെ സ്‌കൂബാ ടീം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ നിലയത്തിലെ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.ടി.ഒ. ശശികുമാർ സേനാംഗങ്ങളായ ഷിജാം, ബിനു കെ., രജീഷ്, വിനീത് എന്നിവരും സ്‌കൂബാ ടീം അംഗങ്ങളായ അനീഷ്, വിദ്യാരാജ്, ശ്രീരൂപ്, അഷ്‌റഫ്, ദിനേശ് എന്നിവരും ഹോം ഗാർഡ് സുരേഷ് കുമാർ ട്രെയിനി ഉജേഷ് എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിലേക്കു മാറ്റി. എൻജിനീയറിങ് ബിരുദത്തിനു ശേഷം ഫിലിം മേക്കിങ്‌ കോഴ്‌സ് പഠിക്കുകയാണ് വിഘ്‌നേശ് ആകാശ്. പരേതനായ ആകാശ് പിതാവാണ്. ഷീബ മാതാവും. കാർത്തിക് സഹോദരനാണ്.