ശബരിമല: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല മാളികപ്പുറം മണിമണ്ഡപത്തിൽനിന്ന്‌ അയ്യപ്പസന്നിധിയിലേക്കുള്ള എഴുന്നള്ളത്തുകൾ 18-ന് സമാപിക്കും. ശരംകുത്തിയിലേക്കാണ് അവസാന ദിവസത്തെ എഴുന്നള്ളത്ത്. അത്താഴപ്പൂജയ്ക്ക് ശേഷം മാളികപ്പുറത്തുനിന്നു എഴുന്നള്ളത്ത് പുറപ്പെടും. ചൊവ്വാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ചതിന് ശേഷം മാളികപ്പുറത്ത് കുരുതി നടക്കും.

മാളികപ്പുറം മേൽശാന്തി രജിൽ നീലകണ്ഠൻ നമ്പൂതിരിയാണ് എഴുന്നള്ളത്തിനുള്ള തിടമ്പ് പൂജിച്ച് കൈമാറുന്നത്.

ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തിന് ഇത്തവണ ആനയില്ല. റാന്നി കുന്നക്കാട്ട് കുടുംബത്തിലെ കുറുപ്പൻമാർക്കാണ് മണിമണ്ഡപത്തിലെ കാർമികസ്ഥാനം. സന്നിധാനത്തുനിന്നു പമ്പയിലേക്ക് ആറാട്ടിനും പള്ളിവേട്ടയ്ക്കും പോകുമ്പോൾ അകമ്പടി പോകുന്നതും ഇവരാണ്. കുന്നക്കാട്ട് കുടുംബത്തിലെ രതീഷ് കുമാർ, ജയകുമാർ, അജിത്ത് കുമാർ എന്നിവരാണ് 20 വർഷമായി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

എരുമേലി പുന്നമ്മൂട്ടിൽ കുടുംബത്തിനാണ് നായാട്ടുവിളിക്കുള്ള അവകാശം. അയ്യപ്പന്റെ ജീവചരിത്രത്തിലെ വന്ദനം മുതൽ പ്രതിഷ്ഠ വരെയുള്ള 576 ശീലുകളാണ് നായാട്ടുവിളിയിൽ ഉൾപ്പെടുന്നത്. പള്ളിവേട്ടക്കുറുപ്പായ പി.ജി.മഹേഷാണ് നായാട്ട് വിളിക്കുന്നത്. ആർ. അനു, നിധിൻ കൃഷ്ണ, ദിപു കൃഷ്ണ, ജിതിൻ കൃഷ്ണ, മിഥുൻ കൃഷ്ണ, ഗോകുൽ രാജ്, സൂരജ്, ആഷിഷ് എന്നിവരും സംഘത്തിലുണ്ട്.