തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ സ്വീകരിച്ച പ്രചാരണ-പ്രവർത്തന രീതികൾ നിലനിർത്തി നിയമസഭാതിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. ഒരുങ്ങുന്നു. വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തിച്ച കമ്മിറ്റികൾ ബൂത്തുതലത്തിലേക്ക് പുനഃക്രമീകരിക്കും. തദ്ദേശപ്രവർത്തനത്തിൽ വേണ്ടത്ര മികവുപ്രകടിപ്പിക്കാത്ത കമ്മിറ്റികളിൽ മാത്രമായിരിക്കും പൊളിച്ചെഴുത്തുണ്ടാകുക. വികസനം ചർച്ചയാക്കി, യു.ഡി.എഫ്. പ്രചാരണത്തെ മറികടക്കുകയെന്ന തന്ത്രംതന്നെയാണ് ഇടതുമുന്നണിയുടേത്. അടുത്തയാഴ്ച ചേരുന്ന മുന്നണിയോഗം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് രൂപംനൽകും.

ജനങ്ങളുമായി നേരിട്ട് ഇടപെട്ടുള്ള പ്രവർത്തനരീതിയാണ് തദ്ദേശത്തിൽ ഇടതുപക്ഷത്തിന് തുണയായതെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ബിരിയാണി ചലഞ്ചും ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമെത്തിച്ച ഇടത് യുവജനസംഘടനകളുടെ പ്രവർത്തനം ‘ക്രൗഡ് ഫണ്ടിങ്ങി’ന്റെ ജനകീയരൂപമായി. കോവിഡ്-പ്രളയ കാലത്തെ ഈ പ്രവർത്തനങ്ങളാണ് ഇടതുപക്ഷത്തിലുള്ള വിശ്വാസംകൂട്ടിയത്. ഇതേ ജനകീയത നിലനിർത്തിയാണ് തദ്ദേശതിരഞ്ഞെടുപ്പിൽ വാർഡ് കമ്മിറ്റികൾ പ്രവർത്തിച്ചത്. അതിന് തുടർച്ച നൽകാനാണ് മുന്നണിയുടെ തീരുമാനം. സി.പി.എമ്മും സി.പി.ഐ.യും പാർട്ടിതലത്തിൽ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. മുന്നണിതല കമ്മിറ്റികൾ അടുത്ത എൽ.ഡി.എഫ്. യോഗത്തിനുശേഷം രൂപവത്കരിക്കും.

എൽ.ജെ.ഡി., കേരള കോൺഗ്രസ്(എം) എന്നീ കക്ഷികൾ അധികമായി എത്തിയതിനാൽ സീറ്റുവിഭജനം തർക്കമില്ലാതെ തീർക്കുകയാണ് കടമ്പ. 20-നുശേഷം എൽ.ഡി.എഫ്. യോഗം ചേരും. നിയമസഭാസമ്മേളനം നടക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ സമയം പരിഗണിച്ചാകും തീയതി തീരുമാനിക്കുക. അടുത്ത മുന്നണിയോഗത്തിൽ സീറ്റുവിഭജനം സംബന്ധിച്ച് പൊതുചർച്ചകളുണ്ടാകില്ല. സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചർച്ചനടത്തി ധാരണയുണ്ടാക്കിയശേഷമായിരിക്കും മുന്നണിയിൽ തീരുമാനമുണ്ടാകുക.

പാലാ സീറ്റിന്റെ കാര്യത്തിൽ എൻ.സി.പി. ഉയർത്തുന്ന വെല്ലുവിളിക്ക് തത്‌കാലം വഴങ്ങേണ്ടതില്ലെന്നാണ് സി.പി.എം. നിലപാട്. സീറ്റുചർച്ചകൾ തുടങ്ങാത്ത ഘട്ടത്തിൽ എൻ.സി.പി. പരസ്യപ്രതികരണത്തിലേക്ക് കടന്നതിൽ മറ്റ് കക്ഷിനേതാക്കൾക്കും അതൃപ്തിയുണ്ട്. അടുത്ത ഇടതുമുന്നണിയോഗത്തിൽ എൻ.സി.പി.യുടെ ‘സംശയങ്ങൾ’ ചർച്ചയാവില്ല. പ്രത്യേക പരിഗണനയോടെ ഇക്കാര്യം ചർച്ചചെയ്യേണ്ട കാര്യമില്ലെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം.