തൃശ്ശൂർ: ഒരുനാൾ ജോലിക്ക് പോകാനിറങ്ങിയ അച്ഛനോട് അമൃത പറഞ്ഞു, വൈകീട്ട് തിരിച്ചുവരുമ്പോഴേയ്ക്കും ഞാനീ ചുമരൊക്കെ വൃത്തികേടാക്കൂട്ടോ... അച്ഛനതത്ര കാര്യമാക്കിയില്ല. എന്നാൽ വൈകീട്ട് വീട്ടിലെത്തിയ അനിൽകുമാർ ഞെട്ടി. അകത്തളത്തിലെ ചുവരിൽ നിറയെ പടർന്നുകയറിയ മരക്കൊമ്പ്. അതിൽ പല വർണങ്ങളിലുള്ള കിളികൾ. അമൃത അപ്പോഴും വരച്ചുകൊണ്ടേയിരിക്കുകയായിരുന്നു...

പടിഞ്ഞാറേക്കോട്ട സെയ്ന്റ് ആൻസ് എച്ച്.എസ്.എസിലെ ഏഴാംക്ലാസ്‌ വിദ്യാർഥിയായ എ.എ. അമൃത കോവിഡ് കാലത്താണ് വീടിന്റെ ചുവരുകൾ കാൻവാസാക്കി മാറ്റാൻ തുടങ്ങിയത്. തൃശ്ശൂർ നഗരത്തിനടുത്ത് കോൾപ്പാടങ്ങളാൽ സമൃദ്ധമായ പുല്ലഴിയിലെ അരീക്കൽ വീടിപ്പോൾ മനോഹരമായൊരു ചിത്രശാലയാണ്. വീടിന്റെ അകത്തളത്തിലെ ചുവരിലാരംഭിച്ച ചിത്രംവര പൂമുഖവും അകമുറികളും കഴിഞ്ഞ് അടുക്കളച്ചുമരിലേക്കുമെത്തി. കിളികളും പൂക്കളും ഇലകളും കാർട്ടൂൺ കഥാപാത്രങ്ങളും അമൃതയുടെ കുഞ്ഞുവീടിന്റെ ചുവരിനെ കീഴടക്കിയിരിക്കുന്നു.

‘ചിത്രം വരയ്ക്കാൻ തുടങ്ങിയാൽ അത് പൂർത്തിയാക്കിയിട്ടേ നിർത്തൂ. മോളേ, കഴുത്ത് വേദനിക്കും, അല്പം വിശ്രമിക്ക് എന്ന് ഞാൻ പറയും’ -അമ്മ വിനീത പറയുന്നു. ചുവരെല്ലാം നിറഞ്ഞപ്പോൾ വര വീണ്ടും തുണിയിലും പുസ്തകത്തിലുമാക്കി. ഫാബ്രിക് പെയിന്റാണ് ഈ കുഞ്ഞുചിത്രകാരി ബ്രെഷിൽ ചാലിക്കുന്നത്.

‘ചില ചിത്രങ്ങൾ വരയ്ക്കാൻ കുറേ ദിവസമെടുക്കും. നോക്കി വരയ്ക്കാനാണിഷ്ടം. നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ ചിത്രംവര പഠിപ്പിച്ച ലൂസി ടീച്ചറാണ് ധാരാളം വരയ്ക്കണമെന്ന് പറഞ്ഞത്. സ്കൂള്‌ തുറക്കുമെന്ന് കരുതി ഇപ്പോൾ വരയ്ക്കുന്നില്ല’-ചുവരിലെ മയിൽ ചിത്രത്തിൽ തലോടിക്കൊണ്ട് അമൃത പറഞ്ഞു.

തൃശ്ശൂർ കളക്‌ടറേറ്റിന്റെ ചുറ്റുമതിലിലും അമൃതയുടെ ചിത്രമുണ്ട്. തെരുവോര ചിത്രംവരയുടെ ഭാഗമായി വരച്ചത്. മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറില്ലെങ്കിലും ധാരാളം സമ്മാനങ്ങളും അമൃത സ്വന്തമാക്കിയിട്ടുണ്ട്. അച്ഛൻ അനിൽകുമാർ തൃശ്ശൂർ നടവരമ്പ് മെറ്റൽസിലെ ജീവനക്കാരനാണ്. പ്ലസ്ടു വിദ്യാർഥിയായ അൽവിനാണ് സഹോദരൻ. അപ്പൂപ്പനും അമ്മൂമ്മയും ചുറ്റുവട്ടത്തുള്ള ബന്ധുക്കളുമെല്ലാം ഈ കൊച്ചുമിടുക്കിക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ട്.