ആലപ്പുഴ/അമ്പലപ്പുഴ: മണ്ഡലം മാറി കായംകുളത്ത് മത്സരിക്കാനില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഏതാനും ദിവസങ്ങളായി നടക്കുന്ന പ്രചാരണങ്ങൾക്ക് വിരാമമിട്ടാണ് മന്ത്രിയുടെ പ്രതികരണം. കായംകുളം എം.എൽ.എ. യു. പ്രതിഭയ്ക്കു പകരം സുധാകരൻ അവിടെ മത്സരിക്കുമെന്നാണ് വ്യാപക പ്രചാരണമുണ്ടായത്.

കായംകുളം മണ്ഡലത്തിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ‘തല്ലിക്കൊന്നാൽ അവിടേക്ക്‌ പോകുമോ’യെന്നായിരുന്നു സുധാകരന്റെ മറുചോദ്യം. രണ്ടാംതവണ മത്സരിച്ചപ്പോൾ തന്നെ കാലുവാരി തോൽപ്പിച്ചതാണവിടെ. അന്നത്തെ കാലുവാരികൾ ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2001-ൽ എം.എം. ഹസ്സനോടാണ് സുധാകരൻ അവിടെ തോറ്റത്. ‘കായംകുളത്തെ എം.എൽ.എ. കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ട്. വീണ്ടും മത്സരിക്കണമെന്ന് എനിക്കായി ആഗ്രഹമില്ല.

പുതിയയാൾ വരുന്നതിൽ അഭിപ്രായവ്യത്യാസവുമില്ല. മാധ്യമങ്ങളിൽ വരുന്നതല്ലാതെ ഇതേക്കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല. പാർട്ടിയാണ് തീരുമാനമെടുക്കുക. തുടർഭരണം വരുമെന്നും പൊതുമരാമത്തുമന്ത്രി താനാകുമെന്നുറപ്പില്ലെ’ന്നും അദ്ദേഹം പറഞ്ഞു.