പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രണ്ടാംദിനത്തിൽ ഇന്ത്യൻ പനോരമയ്ക്കു തുടക്കമായി. അങ്കിത് കോത്താരി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം പാഞ്ചികയായിരുന്നു (നോൺഫീച്ചർ) ഉദ്ഘാടന ചിത്രം. ഇന്ത്യൻ സമൂഹത്തിലെ ജാതിസമ്പ്രദായത്തിന്റെയും സാമൂഹികവിവേചനത്തിന്റെയും പശ്ചാത്തലത്തിൽ മിരി, സുബ എന്നീ പെൺകുട്ടികളുടെ സൗഹൃദത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. തുഷാറിന്റെ സാന്ത് കീ ആംഖായിരുന്നു ഫീച്ചർ വിഭാഗത്തിലെ ആദ്യ ചിത്രം. ശരൺ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെ എന്ന നോൺ ഫീച്ചർ ചിത്രവും പ്രദർശിപ്പിച്ചു.

ചെൻ നിയെന്റെ തയ്‌വാൻ ചിത്രം ദി സൈലന്റ് ഫോറസ്റ്റ്, ആൻഡേഴ്‌സ് റഫിന്റെ ഡാനിഷ് ചിത്രം ഇൻ ടു ദി ഡാർക്‌നെസ് എന്നിവയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത്. ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ ശ്രദ്ധനേടിയ ജെസ്പർ ക്രിസ്റ്റൻസനാണ് ‘ഇൻ ടു ദി ഡാർക്ക്‌നെസി’ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡെന്മാർക്കിലെ ജർമൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

സത്യജിത്ത് റായിയുടെ പഥേർ പാഞ്ചലി, ദാദാസാഹേബ് ഫാൽക്കേയുടെ രാജാ ഹരിശ്ചന്ദ്ര, ശ്രീകൃഷ്ണ ജന്മ എന്നീ ചിത്രങ്ങളാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ രണ്ടാംദിനം പ്രദർശനത്തിനെത്തിയത്. ഹോമേജ് വിഭാഗത്തിൽ ഋഷി കപൂറിന്റെ ബോബി, കിർക്ക് ഡൗഗ്ലസിന്റെ പാത്ത്‌സ് ഓഫി ഗ്ലോറി തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിച്ചു.

അൻവർ റഷീദിന്റെ ട്രാൻസ്, രാജ്പ്രീതം മൊരേയുടെ ഖിസ, ശ്രീധർ ബി.എസിന്റെ ഇൻ അവർ വേൾഡ്, ബ്ലെസി ഐപിന്റെ 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ സത്യജിത്ത് റായിയുടെ സോന കെല്ലാ, സുശാന്ത് സിങ് രജ്പുതിന്റെ കേദർനാഥ്, ഇവാൻ പാസ്റ്ററിന്റെ കട്ടേഴ്‌സ് എവെ, ബസു ചാറ്റർജി-യോഗേഷ് ഗൗറിന്റെ ഛോട്ടി സി ബാത്ത് എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.