തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുറപ്പാക്കാൻ മീൻപിടിത്ത ബോട്ടുകളിൽ അതിസുരക്ഷാ രജിസ്‌ട്രേഷൻ ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാന ഫിഷറീസ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 300 ബോട്ടുകളിലാണ് ഹോളോഗ്രാം രജിസ്ട്രേഷൻ ബോർഡുകൾ ഘടിപ്പിക്കുക. നീണ്ടകര, മുനമ്പം, കൊച്ചി എന്നിവിടങ്ങളിലെ നൂറോളം ബോട്ടുകളിൽ ഇതിനകം ബോർഡുകൾ ഘടിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ 1500-ഉം മൂന്നാം ഘട്ടത്തിൽ നാലായിരത്തോളം വരുന്ന സംസ്ഥാനത്തെ മുഴുവൻ മീൻപിടിത്ത ബോട്ടുകളിലും ബോർഡുകൾ സ്ഥാപിക്കും. സബ്‌സിഡി നിരക്കിൽ, സി-ഡിറ്റിന്റെ സാങ്കേതികസഹായത്തോടെയാണ് ഇവ സ്ഥാപിക്കുന്നത്.

ആഴക്കടലിൽ അകപ്പെടുന്ന ബോട്ടുകളെ കണ്ടെത്താനും തിരിച്ചറിയാനും സഹായിക്കുന്ന സംവിധാനമാണ് ജി.പി.എസ്., ജി.പി.ആർ.എസ്. നെറ്റ് വർക്കിങ്ങുള്ള സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡ്. വ്യാജ രജിസ്‌ട്രേഷൻ തിരിച്ചറിയുന്നതിനുള്ള ഹോളോഗ്രാഫിക്കും ലേസർ സംവിധാനങ്ങളും ഇതിലുണ്ട്. ബോട്ടുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്കും കള്ളക്കടത്തിനും ഇതിലൂടെ തടയിടാൻ കഴിയും.

മീൻപിടിത്തത്തിന് പോകുന്ന ബോട്ടുകൾ സാധാരണ 10-15 ദിവസം ആഴക്കടലിൽ കഴിയാറുണ്ട്. ആശയവിനിമയ ശൃംഖലയില്ലാത്തതിനാൽ ആഴക്കടലിലെ ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്രീകൃത നിരീക്ഷണസംവിധാനത്തിന് കണ്ടെത്താൻ കഴിയാറില്ല. സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ ഉപകരണം ഉപയോഗിച്ച് രജിസ്‌ട്രേഷൻ നമ്പറും സീരിയൽ നമ്പറും പരിശോധിക്കാനാവുമെന്നതിനാൽ അനധികൃത ബോട്ടുകളെ വേഗം തിരിച്ചറിയാനാകും.