നിലമ്പൂർ: നിലമ്പൂർ ടൗണിലും പരിസരത്തും കാട്ടാനയിറങ്ങി. ആനയുടെ ആക്രമണത്തിൽ പള്ളിമുറ്റത്ത് യുവാവിന് പരിക്കുപറ്റി. നിലമ്പൂർ ഇൻഫെന്റ് ജീസസ് പള്ളി സെക്രട്ടറി ആന്റണിയുടേയും അന്നമ്മയുടേയും മകൻ ക്ലിസ്റ്റൻ ഡിക്കോത്തയാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയാണ് കാട്ടാനയിറങ്ങിയത്. നിലമ്പൂർ ഇൻഫെന്റ് ജീസസ് ദേവാലയത്തിന് മുമ്പിൽവെച്ച് യുവാവിനെ ആക്രമിച്ചു. പള്ളിമുറ്റത്തേക്ക് സ്‌കൂട്ടറിൽ എത്തിയ ക്ലിസ്റ്റണ് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്‌കൂട്ടർ മറിച്ചിട്ടു. വീണ്ടും ആക്രമിക്കാൻ ഒരുങ്ങുമ്പോൾ ഇടവക വികാരിയും ഇയാളുടെ മാതാപിതാക്കളും ബഹളംവെച്ചതോടെ ആന നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്ക് നീങ്ങി. ക്ലിസ്റ്റന്റെ തോൾ എല്ലിനും കൈകൾക്കും പരിക്കുണ്ട്.

സംഭവത്തെക്കുറിച്ച് വനം വകുപ്പുദ്യോഗസഥർ പറയുന്നത് ഇങ്ങനെ: മാനവേദൻ സ്‌കൂളിന്റെ ഭാഗത്തു നിന്നെത്തിയ കൊമ്പൻ വനംവകുപ്പ് കാര്യാലയത്തിന്റെ ഗേറ്റിലൂടെ ഉള്ളിൽ കയറി. വനംവകുപ്പിന്റെ കാര്യാലയത്തിന് പിൻഭാഗത്തെ ഗേറ്റ് ചവിട്ടിപ്പൊളിച്ച് റോഡിലേക്ക് എത്തിയപ്പോൾ നിലമ്പൂർ സ്വദേശിയായ രാജീവിന്റെ മുമ്പിൽപ്പെട്ടു. ആനയെക്കണ്ട് ഓടിയ രാജീവിന് പിന്നാലെ ആനയും ഒപ്പം കൂടി മത്സ്യ മാർക്കറ്റിന്റെ ഭാഗത്തേക്ക് എത്തിയപ്പോൾ മാർക്കറ്റിലുള്ളവർ ബഹളംവെച്ചു.

മിനി ബൈപ്പാസ് വഴി ക്ലാസിക്ക് കോളേജ് റോഡ് വഴിയാണ് ഇൻഫെന്റ് ദേവാലയത്തിന്റെ മുമ്പിലെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതോടെ ദ്രുത പ്രതികരണ സേന(ആർ.ആർ.ടി.) സ്ഥലത്തെത്തി ആനയെ ഓടിക്കാൻ ശ്രമിച്ചു. നിലമ്പൂർ നോർത്ത് സി.എഫ്.ഒ. മാർട്ടിൻ ലോവൽ, നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ എന്നിവരും സ്ഥലത്ത് എത്തി. 8.15 ഓടെ ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു.

ഒ.സി.കെ. ഓഡിറ്റോറിയത്തിന്റെ ഗേറ്റും ആന തകർത്തു. ഒന്നരമണിക്കൂറോളം നിലമ്പൂരിനെ വിറപ്പിച്ച കാട്ടാന വേലികളും നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്തിട്ടുണ്ട്

ഇനി ടൗണിലേക്കിറങ്ങാതിരിക്കാൻ നടപടി

നിലമ്പൂർ ടൗണിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ പറഞ്ഞു. ടൗണിലേക്ക് ആന എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കാവലിനായി ഏഴു വാച്ചർമാരെ നിയമിക്കും. വനം വകുപ്പ് രാത്രികാല പട്രോളിങ് നടത്തും. വൈദ്യുതിവേലി തകർന്നഭാഗത്ത് അവ പുനർനിർമിക്കുമെന്നും ഡി.എഫ്. ഒ.പറഞ്ഞു.