തിരുവനന്തപുരം: ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ ഒൻപതു മേഖലകളിൽ നടപ്പാക്കേണ്ട പരിപാടികൾ നിർദേശിക്കാൻ സംസ്ഥാന ആസൂത്രണബോർഡ് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ ‘ഭാവിവീക്ഷണത്തോടെ കേരളം’ എന്ന വിഷയത്തിൽ ഓൺലൈനായാണ് സമ്മേളനം. സാമ്പത്തിക നൊബേൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ഡബ്ല്യു.എച്ച്.ഒ. ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസം, ആധുനികവ്യവസായ സാധ്യതകൾ, നൈപുണ്യവികസനം, മത്സ്യബന്ധനം-കൃഷി-മൃഗസംരക്ഷണം എന്നിവയുടെ ആധുനികവത്‌കരണം, ടൂറിസം, വിവരസാങ്കേതികവിദ്യ, ഇ-ഗവേണൻസ് എന്നീ മേഖലകൾക്കുപുറമെ തദ്ദേശഭരണം, ഫെഡറലിസം-വികസനോൻമുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചർച്ചയ്ക്ക് വിധേയമാകും. സമ്മേളനത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളെക്കുറിച്ചുള്ള സെഷൻ ഈ മാസം 27, 28 തീയതികളിൽ നടത്തും. ഇതിനുപുറമെ സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ മേഖലകളെക്കുറിച്ച് വിഷയബന്ധിതമായ സെഷനുകൾ യഥാക്രമം 24-നും 27-നും സംഘടിപ്പിക്കും.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് വിദഗ്ധ ജോലികളിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന വികസനപാതയാണ് സംസ്ഥാനം പിന്തുടരേണ്ടതെന്ന് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. പതിന്നാലാം പഞ്ചവത്സരപദ്ധതിയുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും തൊഴിലവസരവുമായി ബന്ധപ്പെട്ട് വിദഗ്ധർക്ക് എന്തു നിർദേശങ്ങളാണ് സമർപ്പിക്കാനുള്ളതെന്നും സമ്മേളനം ഉറ്റുനോക്കും.