തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ കണക്കുകളിൽ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ എക്സിക്യുട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടും. 2012-15 കാലത്ത് ശ്രീകുമാർ അക്കൗണ്ട്‌സ് ഓഫീസറായിരുന്നപ്പോൾ നടന്ന ഇടപാടുകളിലാണ് അവ്യക്തതയുള്ളത്. വായ്പാ തിരിച്ചടവ്, ഡിപ്പോകളിൽനിന്നുള്ള പണം കൈമാറ്റം എന്നിവസംബന്ധിച്ച് പല രേഖകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാറിന് കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ ചീഫ് ഓഫീസിനു പുറത്തേക്ക്‌ മാറ്റിയത്.

കാലങ്ങളായി തുടർന്നുവന്ന അശാസ്ത്രീയ അക്കൗണ്ടിങ് സംവിധാനമാണ് ശ്രീകുമാറിന്റെ കാലത്തും തുടർന്നതെന്നും ഇതാണ് പാകപ്പിഴയ്ക്ക് ഇടയാക്കിയതെന്നും പറയപ്പെടുന്നു. 100 കോടിരൂപയും ശ്രീകുമാർ അപഹരിച്ചുവെന്നു കരുതുന്നില്ലെന്ന് എം.ഡി. ബിജുപ്രഭാകർ പറയുന്നു. എന്നാൽ അന്വേഷണത്തോടു സഹകരിച്ചില്ലെങ്കിൽ വിജിലൻസ് അന്വേഷണം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.