തിരുവനന്തപുരം: ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈൽ ബീറ്റിനായുള്ള വിവരശേഖരണത്തിന് പൗരത്വനിയമ ഭേദഗതിയുമായി ബന്ധമില്ലെന്ന് പോലീസ്. പോലീസിന്റെ വിവിധ പദ്ധതികൾ നടപ്പാക്കാൻ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മനസ്സിലാക്കുകയാണ് എം-ബീറ്റ് (മൊബൈൽ ബീറ്റ്) പദ്ധതിയുടെ ലക്ഷ്യമെന്ന് ജനമൈത്രി സുരക്ഷാപദ്ധതി സംസ്ഥാനതല നോഡൽ ഓഫീസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു.

വിവരങ്ങൾ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനമടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. നിർബന്ധപൂർവം ഒരു വ്യക്തിഗതവിവരവും സ്വീകരിക്കില്ല. സ്ഥിരംകുറ്റവാളികളുടെ പട്ടിക തയ്യാറാക്കാനും മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തി താമസിച്ച് നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താനും വിവരശേഖരണം സഹായിക്കുമെന്ന് എസ്. ശ്രീജിത്ത് പറഞ്ഞു.

കേരള പോലീസ് ആക്‌ടിലെ 64, 65 വകുപ്പുകൾ പ്രകാരം നിയമസാധുതയുള്ളതാണ് ജനമൈത്രി സുരക്ഷാപദ്ധതി. പോലീസ് സ്റ്റേഷൻ പരിധിയിൽ നിശ്ചിതശതമാനം വീടുകൾ അടങ്ങിയ പ്രദേശം ഒരു യൂണിറ്റായി കണക്കാക്കി ജനമൈത്രി ബീറ്റുകളായി വിഭജിച്ചിട്ടുണ്ട്. ബീറ്റ് ഉദ്യോഗസ്ഥർ തന്റെ പരിധിയിലെ ഓരോ വീട്ടിലെയും ഒരംഗത്തിനെയെങ്കിലും വ്യക്തിപരമായി അറിയാൻ ശ്രമിക്കും.

ശേഖരിക്കുന്ന വിവരങ്ങൾ വിശകലനംചെയ്ത് കൂടുതൽ കൃത്യമായ നിയമപരിപാലനവും സംരക്ഷണവും സേവനവും നൽകുകയാണ് പദ്ധതി ലക്ഷ്യം. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങൾ, പ്രത്യേകശ്രദ്ധ ആവശ്യമുള്ള വയോധികർ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും.