പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വനിതാ പാരാമെഡിക്കൽ ടെക്നീഷ്യനെ താത്കാലികജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്. ഇതേത്തുടർന്ന്, ചിറ്റാർ പന്ന്യാർ കോളനിയിൽ ചിറ്റേഴത്ത് അനന്തരാജിനെ (36) പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തു. ഇരുവരും ജനറൽ താത്കാലിക ജീവനക്കാരാണ്. കോവിഡ് പശ്ചാത്തലത്തിൽ, ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് ഇവരെ താത്കാലികമായി നിയമിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവതി ഇരുന്ന ഇ.സി.ജി.മുറിയിലെത്തി തന്റെ ഇ.സി.ജി. എടുക്കണമെന്ന് അനന്തരാജ് ആവശ്യപ്പെട്ടു. പലതവണ വിസമ്മതിച്ചെങ്കിലും ഒടുവിൽ ഇ.സി.ജി. എടുത്തുനൽകി. തുടർന്ന് യുവതി മുറിയിൽനിന്ന് പുറത്തേക്കുപോയി.

തിരിച്ചെത്തിയപ്പോൾ അനന്തരാജ് പോകാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. യുവതി അകത്തേക്ക് കയറിയപ്പോൾ ഇയാൾ ചാടിയെഴുന്നേറ്റ് വാതിൽ കുറ്റിയിട്ട് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ജീവനക്കാരിയുടെ പരാതി. യുവതി സംഭവം സഹപ്രവർത്തകയെ ഫോണിൽ അറിയിച്ചു. ഡ്യൂട്ടിഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് പത്തനംതിട്ട പോലീസ്, ആശുപത്രിയിലെത്തി അനന്തരാജിനെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച മെഡിക്കൽ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.