തിരുവനന്തപുരം: കോവിഡിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി. പരിശോധന ഉയർത്തിയപ്പോൾ സംസ്ഥാനത്ത് ശനിയാഴ്ച 13,835 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ഒറ്റദിവസം ഇത്രയേറെപ്പേരിൽ രോഗം കണ്ടെത്തുന്നത്. ആദ്യഘട്ടത്തിൽ ഒക്ടോബറിൽ 11,755 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

രണ്ടുദിവസമായി നടന്ന കൂട്ടപരിശോധനാ ഫലം വരുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നേക്കുമെന്നാണ് ആശങ്ക. ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനും പ്രാഥമികചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി.) സജ്ജമാക്കാനും കളക്ടർമാർക്ക് നിർദേശം നൽകി. കൂട്ടപരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച 1,35,159 സാംപിളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാംപിൾ പരിശോധിച്ചു. എറണാകുളം ജില്ലയിൽ 2187 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. പോസിറ്റിവിറ്റി 17.04 ശതമാനമായി കുതിച്ചുയർന്നു. ഒരാഴ്ചയായി സംസ്ഥാനത്ത് നൂറുപേരെ പരിശോധിക്കുമ്പോൾ ശരാശരി 12 പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, മരണനിരക്ക് 0.4 ശതമാനത്തിൽ പിടിച്ചുനിർത്താനായിട്ടുണ്ടെന്നതാണ് ആശ്വാസം.

ചെറിയ രോഗലക്ഷണമുള്ളവരെ സി.എഫ്.എൽ.ടി.സി.കളിലും സി.എസ്.എൽ.ടി.സി.കളിലേക്കും മാറ്റാനാണ് നിർദേശം. ഗുരുതര രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലേക്കും മെഡിക്കൽ കോളേജുകളിലേക്കും മാറ്റാനാണ് ആലോചിച്ചിട്ടുള്ളത്. രോഗലക്ഷണമില്ലാത്തവർക്ക് വീടുകളിൽ സൗകര്യമുണ്ടെങ്കിൽ അവിടെത്തന്നെ കഴിയാം. വീടുകളിൽ സൗകര്യമില്ലാത്തവരെ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഡൊമിസെയിൽ കെയർ സെന്ററുകളിൽ പാർപ്പിക്കും.

ഇപ്പോഴത്തെ സാഹചര്യത്തിൽ മരുന്നിനോ, ഓക്സിജനോ ക്ഷാമമില്ലെങ്കിലും രോഗികളുടെ എണ്ണം ഉയർന്നാൽ കൂടുതൽ മരുന്നും ഓക്സിജനും അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പതുലക്ഷം കോവിഡ് പ്രതിരോധ മരുന്ന് ഉടൻ അനുവദിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഓൺലൈനായി വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.