കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ കേസിൽ കക്ഷിയായ അഡ്വ. ആർ. സുനിൽ കുമാർ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാനൊരുങ്ങുന്നു. തന്നെ കേൾക്കാതെയാണ് കോടതിയുടെ വിധിയെന്നും അതിനാൽ വിധി പുനഃപരിശോധിക്കാൻ കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുപറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നാരോപിച്ച് സന്ദീപ് നായർ കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. സുനിൽകുമാർ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക്‌ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഇ.ഡി.ക്കെതിരേ രണ്ടാമത്തെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്.