കാക്കനാട്: മുട്ടാർപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താൻ കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രനഗരിയിൽ പോലീസിന്റെ വ്യാപക തിരച്ചിൽ. തമിഴ്നാട്ടിൽ അന്വേഷണത്തിനായി തങ്ങിയിരുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ സ്ക്വാഡ് ശനിയാഴ്ച പുലർച്ചെ കൊല്ലൂരിലെത്തി. കൊച്ചി സിറ്റി പോലീസിൽ നിന്നുള്ള മറ്റൊരു സംഘവും അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.

കർണാടക പോലീസിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. വൈകാതെ അറസ്റ്റുണ്ടാവാമെന്നാണ് വിവരം. ഹോട്ടലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ സനു മോഹൻ താമസിച്ചിരുന്ന മുറി അരിച്ചുപെറുക്കിയെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല.

ഹോട്ടലിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് സനു മോഹനാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇയാൾ താമസിച്ച മുറിയിൽ പരിശോധന നടത്തിയത്. ഏപ്രിൽ 10 മുതൽ വെള്ളിയാഴ്ച വരെയാണ് മൂകാംബികയിലെ ലോഡ്ജിൽ ഇയാൾ താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.

സനു മോഹൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് വിമാനത്താവളത്തിലേക്ക് പോകാൻ ടാക്സി ആവശ്യപ്പെട്ടിരുന്നു. ടാക്സി വന്ന് വിളിക്കാൻ ചെന്നപ്പോൾ ആളെ കാണാനില്ലായിരുന്നു. ഇതോടെയാണ് ലോഡ്ജ് ബിൽ അടയ്ക്കാതെ ഇയാൾ പോയെന്ന കാര്യം തിരിച്ചറിഞ്ഞത്. മുറി ബുക്ക് ചെയ്യാൻ നൽകിയ ആധാർ കാർഡ് വിവരങ്ങൾ ഹോട്ടൽ ജീവനക്കാർ പരിശോധിച്ചു. ഈ പരിശോധനയിലാണ് താമസിച്ചിരുന്നത് സനു മോഹൻ ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയിരുന്നത്.

ലോഡ്ജിന്റെ ലോബിയിൽ മലയാള പത്രം വായിച്ചു കൊണ്ടിരിക്കുന്നതിന്റെയും റോഡിലൂടെ നടക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാൽ വരെ ലോഡ്ജിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

മൂകാംബികയിലെത്തിയ അന്വേഷണ സംഘം കർണാടക പോലീസിന്റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സനു മോഹൻ മൂകാംബികയിൽത്തന്നെ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

എല്ലാം അറിഞ്ഞ്,

കൂളായി സനു മോഹൻ

അരിച്ചുപെറുക്കി പത്രവായന

Cap1

ലോഡ്ജ് ലോബിയിൽ ഇരുന്ന് പത്രം വായിക്കുന്ന സനു മോഹന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞപ്പോൾ

കാക്കനാട്: കൊല്ലൂർ മൂകാംബികയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സനു മോഹൻ നാട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. നിത്യേന ക്ഷേത്രം സന്ദർശിച്ചിരുന്ന സനു മോഹൻ ദിവസവും എല്ലാ പത്രങ്ങളും അരിച്ചുപെറുക്കി വായിച്ചിരുന്നതായി ഹോട്ടൽ ജീവനക്കാർ അന്വേഷണ സംഘത്തോട് പറഞ്ഞു. വാർത്താ ചാനലുകളും നിരന്തരം കാണുന്നുണ്ടായിരുന്നു. തന്നെക്കുറിച്ചുള്ള വാർത്തകളും പോലീസിന്റെ നീക്കവും കൃത്യമായി അറിയാനാണ് മാധ്യമങ്ങളെ നിരന്തരം ആശ്രയിച്ചതെന്ന് വ്യക്തം.

സനുവിന്റെ കൈയിൽ മൊബൈൽ ഫോൺ ഇല്ലെന്നാണ് വിവരം. തല മൊട്ടയടിച്ച്, മീശയും കളഞ്ഞ്, മാസ്ക് ധരിച്ചാണ് ഇയാൾ ലോഡ്ജിൽ മുറിയെടുക്കാൻ എത്തിയത്. ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നെങ്കിലും പണമാണ് റൂമിന് അഡ്വാൻസ് തുകയായി നൽകിയത്.

സ്വന്തം പേര്‌ തന്നെയാണ് രജിസ്റ്റർ ബുക്കി എഴുതിയിരുന്നത്. മാസ്ക്‌ ധരിച്ച് ആർക്കും അധികം സംശയത്തിനിട കൊടുക്കാത്ത രീതിയിൽ സൗഹാർദപരമായ രീതിയിലായിരുന്നു സനു മോഹന്റെ പെരുമാറ്റമെന്ന് ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ഇവിടെ ഒളിച്ചുതാമസിക്കാനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി പ്രാദേശിക സഹായം ലഭിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്.

സനു മോഹൻ ഉടൻ

പിടിയിലാകുമെന്ന്

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

കൊച്ചി: സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. മൂകാംബികയിൽ നിന്ന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാൾ സ്വന്തം പേരിൽ തന്നെയാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നതെന്നും കമ്മിഷണർ പറഞ്ഞു. കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും നാഗരാജു മാധ്യമങ്ങളെ അറിയിച്ചു.