തലശ്ശേരി: സി.പി.എം. പ്രവർത്തകൻ നങ്ങാറത്തുപീടികയിലെ കെ.പി. ജിജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപതാം പ്രതി മാഹി ചെമ്പ്രയിലെ ആർ.എസ്.എസ്. പ്രവർത്തകൻ പ്രഭീഷ് കുമാറിനെ (37) ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടിയതോടെ വിചാരണനടപടി വേഗത്തിലാകും. കുറ്റപത്രം നേരത്തെ നൽകിയിരുന്നു.

ഇന്റർപോൾ പിടികൂടിയ പ്രതിയെ ഏപ്രിൽ 15-നാണ് ഡൽഹിയിലെത്തിച്ചത്.

ഡൽഹി വിമാനത്താവളത്തിൽവെച്ചാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രഭീഷ് ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക് കടക്കുകയായിരുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എം. തുഷാർ മുമ്പാകെ ഹാജരാക്കിയ പ്രതിയെ 30 വരെ തലശ്ശേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. പ്രഭീഷ് കുമാർ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. 21-ന് പരിഗണിക്കും.

2008 ജനുവരി 27-ന് രാത്രി 1.20-ന് നങ്ങാറത്തുപീടികയിൽവെച്ചാണ് സി.പി.എം. പ്രവർത്തകനായ ജിജേഷിനെ കൊലപ്പെടുത്തിയത്. ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരായ 12 പേരാണ് കേസിലെ പ്രതികൾ. രാഷ്ട്രീയവിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.