കൊല്ലം : കൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ‘പഠനയാത്ര’ സി.ഐ.ടി.യു.അടക്കമുള്ള തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനെത്തുടർന്ന് റദ്ദാക്കി. ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, സിംല, കുളു, മണാലി എന്നിവിടങ്ങളിലേക്കാണ് യാത്ര ആസൂത്രണം ചെയ്തിരുന്നത്. 1138 കോടി രൂപ കടബാധ്യതയും 200 കോടിയോളം രൂപ സഞ്ചിതനഷ്ടവും കണക്കാക്കുന്ന സ്ഥാപനത്തിൽ പഠനയാത്രയെന്നപേരിൽ വിനോദയാത്ര നടത്തുന്നത് തൊഴിലാളികൾക്കിടയിൽ അർഷത്തിനു കാരണമായി. സി.ഐ.ടി.യു.അടക്കമുള്ളവയുടെ എതിർപ്പ് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നുവന്നതോടെ ഏപ്രിൽ 16-ന് തുടങ്ങാനിരുന്ന യാത്ര ഒഴിവാക്കുകയായിരുന്നു.

ജീവനക്കാരുടെ ഡി.എ.നൽകാൻ സാമ്പത്തിക ബുദ്ധിമുട്ട് പറയുന്ന മാനേജ്മെൻറ് പണം ധൂർത്തടിക്കുന്നതായി ആക്ഷേപമുയർന്നു. ഒട്ടേറെ തൊഴിലാളികൾ 23 വർഷമായി ഒരേ തസ്തികയിൽ ജോലിചെയ്യുകയും തുച്ഛമായ ശമ്പളം പറ്റുകയും ചെയ്യുമ്പോൾ ഇത്തരം ധൂർത്ത് അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു യൂണിയനുകൾ. കൺസ്യൂമർഫെഡ് ചെയർമാനും സി.പി.എം.നേതാവുമായ എം.മെഹബൂബും സി.ഐ.ടി.യു. നേതൃത്വത്തിലുള്ള യൂണിയനും തമ്മിൽ നേരത്തേതന്നെ തർക്കമുണ്ടായിരുന്നു. യൂണിയൻ സംസ്ഥാന ഭാരവാഹികളായ രണ്ടുപേരെ സസ്പെൻഡ് ചെയ്തതായിരുന്നു പ്രധാന തർക്കവിഷയം.

മൂന്നുവർഷമായി ജീവനക്കാർ ഉന്നയിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടക്കമുള്ള, നിസ്സാരമായി പരിഹരിക്കാവുന്ന വിഷയങ്ങൾപോലും മാനേജ്മെന്റ് തള്ളിക്കളയുകയാണെന്ന് സി.ഐ.ടി.യു.വിന് പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്ന് സെപ്റ്റംബർ അഞ്ചിന് സി.ഐ.ടി.യു. ഉൾപ്പെടുന്ന സംയുക്ത സമരസമിതി പണിമുടക്കുകയും ചെയ്തു.

പഠനയാത്ര പരിഗണനയിലില്ല

സഹകരണ മാനേജ്മെന്റ് പരിശീലനകേന്ദ്രങ്ങളിൽ ഡയറക്ടർമാർക്കും ജീവനക്കാർക്കും വിവിധ കോഴ്സുകൾ നടത്താറുണ്ട്. ഇതൊരു പുതിയ പ്രതിഭാസമല്ല. ഇത് വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണ്. എന്തായാലും ഇപ്പോൾ കൺസ്യൂമർഫെഡിൽ ഇത്തരമൊരു പഠനയാത്ര പരിഗണനയിലില്ല.

-ഡോ. സനിൽ എസ്.കെ.

മാനേജിങ് ഡയറക്ടർ,

കൺസ്യൂമർഫെഡ്.