കൊല്ലം : അഷ്ടമുടിക്കായലിൽ അസാധാരണമാംവിധം ജലനിരപ്പ് താഴുന്നതിനാൽ ജങ്കാർ സർവീസ് നടത്താനാകാത്ത സ്ഥിതി. കണ്ടൽത്തുരുത്തുകളിലെല്ലാം വേലിയിറക്കസമയത്ത് കര തെളിയുന്നു. ജെട്ടികളിൽനിന്ന് കടത്തുവഞ്ചികളിൽ കയറാനും ബുദ്ധിമുട്ടായിത്തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ വേലിയേറ്റസമയത്തെ വെള്ളപ്പെരുക്കവും അസാധാരണമാംവിധം ഉയർന്നതായിരുന്നു. അന്ന് സെന്റ് മേരീസ്, സെന്റ്‌ ജോർജ് തുടങ്ങിയ ദ്വീപുകളിലും മൺറോത്തുരുത്തിലുമെല്ലാം വേലിയേറ്റസമയത്ത് വീടിനകത്ത് വെള്ളം കയറുകയും ചെളിയും മാലിന്യങ്ങളും അടിഞ്ഞ് വൃത്തികേടാകുകയും ചെയ്തു. നാൽപ്പതുവർഷത്തിനുള്ളിൽ ആദ്യമായാണ് അത്തരമൊരു വെള്ളപ്പെരുക്കം കണ്ടതെന്ന് ദ്വീപ് നിവാസിയായ യൂജിൻ പറഞ്ഞു. വെള്ളം ഇങ്ങനെ കുറയുന്നതും അതുപോലെതന്നെയാണെന്ന്‌ ദ്വീപ്‌ നിവാസിയായ സിബിയും പറയുന്നു.

പെരുമൺ-പേഴുംതുരുത്ത് ജങ്കാർ സർവീസ് കഴിഞ്ഞയാഴ്ച വെള്ളക്കുറവ് കാരണം നിർത്തിവെക്കേണ്ടിവന്നു. പതിനൊന്നുവർഷമായി ജങ്കാർ സർവീസ് തുടങ്ങിയിട്ട് ആദ്യമായാണ് ഇങ്ങനെ വെള്ളക്കുറവ് കാരണം നിർത്തിവെക്കേണ്ടിവന്നതെന്ന് ജങ്കാർ ഡ്രൈവർ പ്രമോദ് പറഞ്ഞു. ജെട്ടിയിലെ ചെളി നീക്കംചെയ്ത് ആഴംകൂട്ടിയാണ് പിന്നെ ജങ്കാർ സർവീസ് പുനരാരംഭിച്ചത്.

കാലാവസ്ഥാവ്യതിയാനമോ ഭൗമപ്രതിഭാസങ്ങളോ ആണോ ഇതിനു കാരണമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ അന്വേഷിച്ചു. ഇങ്ങനെയൊരു മാറ്റം ശ്രദ്ധയിൽപ്പെട്ടില്ല, അതേക്കുറിച്ച് അന്വേഷിക്കാമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവൽ പറഞ്ഞു. ഉന്നതോദ്യോഗസ്ഥരുമായി ചർച്ചചെയ്തശേഷം ഒരു വിദഗ്ധസംഘം ഈ മേഖലയിൽ വന്ന് പഠനം നടത്തുമെന്ന് കോട്ടയം സബ്‌ സെന്ററിലെ സയന്റിസ്റ്റ് ഡോ. അനില അലക്സും പറഞ്ഞു.