കൊച്ചി: കളമശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിയായ പതിനേഴുകാരനെ സുഹൃത്തുക്കൾ വളഞ്ഞിട്ട് ക്രൂരമായി മർദിച്ച് അവശനാക്കി. സംഭവത്തിൽ ഏഴുപേർക്കെതിരേ കേസെടുത്തു. പ്രതികളിലൊരാളായ കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശി അഖിൽ വർഗീസിനെ (19) കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ അഖിൽ ഒഴികെയുള്ളവർ പ്രായപൂർത്തിയാകാത്തവരാണ് എന്ന് തിരിച്ചറിഞ്ഞതിനാലാണ് മറ്റുള്ളവരെ കസറ്റഡിയിലെടുത്ത ശേഷം വീട്ടുകാരോടൊപ്പം വിട്ടത്. റിപ്പോർട്ട് സി.ഡബ്ല്യു.സി.ക്ക് കൈമാറുമെന്ന് കളമശ്ശേരി ഇൻസ്പെക്ടർ പറഞ്ഞു.
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് മർദനം. മർദനം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. കളമശ്ശേരി ഗ്ലാസ് കോളനിയിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പ്ലസ് ടു വിദ്യാർഥിയെ എത്തിച്ച്, വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ വാങ്ങിയെടുത്ത ശേഷം അതിൽ മർദനം ചിത്രീകരിക്കുകയും ചെയ്തു.
കൈകൾ പിന്നിൽ കെട്ടി മുഖത്തും ചെവിടിലും ഇടിക്കുക, പുറത്ത് കൈമുട്ട് കൊണ്ട് ഇടിക്കുക, മുടി കുത്തിപ്പിടിച്ച് മൂന്നുപേർ ചേർന്ന് ക്രൂരമായി മർദിക്കുക, മെറ്റലിൽ മുട്ടുകുത്തി ഇരുത്തി മർദിക്കുക, അടിവയറ്റിലും നെഞ്ചിലും ഇടിക്കുക, തുടയിൽ ഇടിക്കുകയും അടിക്കുകയും ചെയ്യുക, കാലുകളിൽ പച്ചവടി ഉപയോഗിച്ച് അടിക്കുക എന്നിങ്ങനെയായിരുന്നു മർദനം. ഇടിച്ചശേഷം നിർബന്ധിച്ച് ഡാൻസ് കളിപ്പിക്കുകയും ചെയ്തു.
ഇടിക്കുന്നത് തടഞ്ഞാൽ കൈകൾ തല്ലിയൊടിക്കുമെന്ന് സംഘം ഭീഷണിമുഴക്കി. ഓരോ ഇടിക്കുശേഷവും തളർന്നുവീണ യുവാവിനെ പിടിച്ചെഴുന്നേൽപ്പിച്ച് വീണ്ടും മർദിക്കുകയായിരുന്നു. ഇടികൊണ്ട് ചെവിയിൽ നിന്ന് ചോര ഒഴുകിയിട്ടും മർദനം നിർത്താൻ സംഘം തയ്യാറായില്ല.
മർദനം ചിത്രീകരിച്ച വീഡിയോ അക്രമിസംഘം തന്നെ മറ്റു ഫോണുകളിലേക്ക് ഷെയർ ചെയ്തു. അതിനാലാണ് വീഡിയോ പുറത്തായത്.
ലഹരി ഉപയോഗത്തെക്കുറിച്ച് പുറത്തറിയിച്ചിട്ടില്ലെന്ന് അറിയിച്ചില്ലെങ്കിലും അക്രമിസംഘം അത് വിശ്വസിച്ചില്ല. മർദനവിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
വ്യാഴാഴ്ച വീട്ടിലെത്തിയ കുട്ടി മർദനവിവരം പുറത്തു പറഞ്ഞില്ല. എന്നാൽ, ശരീരവേദന സഹിക്കാൻ വയ്യാതെയായതോടെ രാത്രി അച്ഛനോട് കാര്യം പറയുകയായിരുന്നു. ഉടനെ എറണാകുളം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി തിരികെ വീട്ടിലെത്തിച്ചു. എന്നാൽ, വെള്ളിയാഴ്ച രാവിലെ വീണ്ടും വേദന കൂടി, ഇതോടെ വിദഗ്ദ്ധ ചികിത്സയ്ക്ക് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ഇതിനിടെയാണ് ഇയാളുടെ ഫോണിൽ നിന്ന് ബന്ധുക്കളിലൊരാൾ വീഡിയോ കണ്ടെത്തിയത്. തുടർന്ന് കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ ദേഹമാസകലം നീരുവന്ന നിലയിലാണ്.
മർദിച്ചവരിൽ ഒരാളുടെ സഹോദരിയെ ശല്യം ചെയ്തതിനാണ് മർദിച്ചതെന്ന് പറഞ്ഞുപരത്തുമെന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായി ഇയാളുടെ പിതാവ് പറഞ്ഞു. മർദിക്കുന്നതിന് മുമ്പേ മർദക സംഘം ഒരു പ്രത്യേക പുകവലിച്ചിരുന്നതായി പ്ലസ് ടു വിദ്യാർഥി പറഞ്ഞു.