കൊച്ചി : നഗര മധ്യത്തിലെ ആ വീട്ടിലേക്കു ചെന്നാൽ ഗൃഹനാഥനെ കണ്ട് ആരും ഒന്നു ഞെട്ടും. ഇന്ത്യൻ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദിയോട്‌ അപാരമായ രൂപസാദൃശ്യം. അതേ രീതിയിലുള്ള കുർത്തയും പൈജാമയും. മോദിയുടെ രൂപസാദൃശ്യത്തിനൊപ്പം ജീവിതത്തിലും പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ’ സന്ദേശം പിന്തുടരുകയാണ് സന്തോഷ് ഷേണായ്. വീട്ടിൽ ആറു പശുക്കളെ വളർത്തുന്ന സന്തോഷ് ഇത്തിരിമുറ്റത്തും മട്ടുപ്പാവിലും ജൈവ പച്ചക്കറികൃഷിയും ചെയ്യുന്നു.

എറണാകുളത്തെ ടൈൽ, മാർബിൾ വ്യാപാരിയായ സന്തോഷിന്റെ കുടുംബ വേരുകൾ ഗോവയിലാണ്. മുതുമുത്തച്ഛൻ റായാ ഷേണായ് 1902-ലാണ് കൊച്ചിയിലേക്ക് കുടിയേറിയത്. മുത്തച്ഛൻ 1929-ൽ എറണാകുളം ടി.ഡി. റോഡിൽ പണിതതാണ് സന്തോഷ് ഇപ്പോൾ കഴിയുന്ന വീട്.

കുടുംബക്ഷേത്രത്തിലെ പൗരോഹിത്യത്തിനായി 1997-ൽ മന്ത്രദീക്ഷ എടുത്തതോടെയാണ് സന്തോഷ് താടി വളർത്താൻ തുടങ്ങിയത്. “ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ എന്റെ ഫോട്ടോ കണ്ട പലരും നരേന്ദ്ര മോദിയുമായുള്ള സാദൃശ്യത്തിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്കും കൗതുകം തോന്നി. അഹമ്മദാബാദിൽനിന്നു വാങ്ങിയ മോദിജി സ്പെഷ്യൽ കുർത്തയും പൈജാമയും കിട്ടിയതോടെ ഞാൻ ശരിക്കും മോദിയായി. പത്ത്‌ വർഷത്തിലേറെയായി ഇങ്ങനെയാണ്. പൈജാമ ജയ്‌പുരിൽ നിന്നാണു കൊണ്ടുവരുന്നത്” - സന്തോഷ് പറഞ്ഞു.

“ഞാൻ മോദിയെ വ്യക്തിപൂജ ചെയ്യുന്ന ആളല്ല, അദ്ദേഹത്തിന്റെ നല്ല ആദർശങ്ങളെ പിന്തുടരാനാണ് ആഗ്രഹിക്കുന്നത്”, സന്തോഷ് പറയുന്നു. ബിസിനസിന്റെ തിരക്കുകൾക്കിടയിലും വെച്ചൂർ പശു അടക്കം ആറ്‌ പശുക്കളെ സന്തോഷ് പരിപാലിക്കുന്നതും അതുകൊണ്ടാണ്. മക്കളായ സ്മൃതിയും ശ്രുതിയും കല്യാണം കഴിഞ്ഞു പോയതോടെ ഭാര്യ സുഷോമയുമൊത്ത് ഗോപാലനവും പച്ചക്കറികൃഷിയും സമ്മാനിക്കുന്ന ‘ആത്മനിർഭർ’ ജീവിതം ഇനിയും തുടരണമെന്നാണ് സന്തോഷ് ഷേണായ് ആഗ്രഹിക്കുന്നത്.