കൊച്ചി: ഓൺലൈൻ വിദേശ ലോട്ടറി അടിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ പ്രതിയെ 10 വർഷത്തെ അന്വേഷണത്തിനൊടുവിൽ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി. ഗുജറാത്ത് കച്ച് ജില്ല ബൂച്ച് ഗ്രാമത്തിലെ നവീൻ ബാലുശാലിയെയാണ് (35) മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തത്.

2012-ലാണ് കേസിന് ആസ്പദമായ സംഭവം. 2.5 മില്യൺ യു.എസ്. ഡോളർ (ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ) വിദേശ ലോട്ടറി അടിച്ചു എന്നുള്ള ഇ-മെയിൽ സന്ദേശം തൃപ്പൂണിത്തുറ സ്വദേശിനി ലക്ഷ്മി രാമനെ തേടി എത്തി. വിവിധ ഫോൺ നമ്പറുകളിൽനിന്ന്‌ നിരന്തരം പ്രതി ലക്ഷ്മിയെ വിളിക്കുകയും പണം അയച്ചു നൽകുന്നതിനായുള്ള സർവീസ് ചാർജെന്നും ടാക്സെന്നും പ്രോസസിങ്‌ ഫീസെന്നും മറ്റും പറഞ്ഞ് 60 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

പരാതിക്കാരി പ്രതി നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. പണം ലഭിച്ചതോടെ പ്രതി മുങ്ങി. തട്ടിപ്പ് തിരിച്ചറിഞ്ഞ ലക്ഷ്മി ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഹിൽപ്പാലസ് പോലീസ് അന്വേഷിച്ചിട്ട് വിവരം ലഭിക്കാത്തതിനെ തുടർന്ന് 2019-ൽ കേസ് കൊച്ചി സൈബർ പോലീസിന് കൈമാറി.

2012 മുതലുള്ള സിം കാർഡുകളുടെ ടവർ ലൊക്കേഷൻ, ബാങ്ക് ട്രാൻസാക്ഷൻ വിവരങ്ങൾ തുടങ്ങിയവ വെച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ കെ.എസ്‌. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിൽനിന്ന്‌ സാഹസികമായാണ് നവീൻ ബാലുശാലിയെ പിടിച്ചത്. സമാനമായി നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയതായി സൂചനയുണ്ട്.

പ്രതി പാൻകാർഡ്‌, ആധാർ എന്നിവ വ്യാജമായി നിർമിച്ചതായും കണ്ടെത്തി. കേസിൽ ചെന്നൈ, ജാർഖണ്ഡ്‌ സ്വദേശികളെ കൂടി പിടികൂടാനുണ്ട്.

പൊക്കിയത് മുംബൈയിലെ ചേരിയിൽ നിന്ന്

കൊച്ചി: മുംബൈയിലെ ചേരിയിലെത്തി പ്രതിയെ പൊക്കുക പോലീസിന് അത്ര എളുപ്പമായിരുന്നില്ല. പ്രതിയുടെ ടവർ ലൊക്കേഷൻ മാത്രം കൈയിൽവെച്ചാണ് സൈബർ ക്രൈം പോലീസ്‌ ഇൻസ്പെക്ടർ കെ.എസ്‌. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒമ്പതിന് മുംബൈക്ക് വണ്ടി കയറിയത്.

കൊലപാതകങ്ങൾക്കും അതിക്രമങ്ങൾക്കും കുപ്രസിദ്ധമായ പടിഞ്ഞാറൻ മുംബൈയിലെ മലാഡിലെ മഡ്‌മാർക്കറ്റ് ചേരിയിലാണ് പ്രതിയുടെ താവളം.

അവിടെ എത്തി തങ്ങിയെങ്കിലും പ്രതിയുടെ ടവർ ലൊക്കേഷൻ ഇടയ്ക്കിടെ മാറുന്നത് പോലീസിനെ വട്ടം ചുറ്റിച്ചു.

പ്രതി നവീൻ ബാലുശാലി ചേരിക്ക് പുറത്തുവരുന്നതും കാത്ത്‌ അന്വേഷണ സംഘം മൂന്നു ദിവസം ഉറക്കമിളച്ചു കാത്തിരുന്നു. ഒടുവിൽ 14-ന് പ്രതി ചേരിക്ക് അടുത്തുതന്നെയുള്ള ആൾ താമസമില്ലാത്തിടത്ത് എത്തിയതായി വിവരം കിട്ടി. ഇതോടെ പോലീസ് സ്ഥലം വളഞ്ഞു.

പ്രതി ചെറുത്തുനിന്നു. ഒടുവിൽ നാട്ടുകാർപോലും അറിയാതെ കീഴടക്കി പോലീസ് വണ്ടിയിൽ കയറ്റി.

തുടർന്ന് ബാന്ദ്രയിലെ അഡീഷണൽ മെട്രോ പോളിറ്റൻ കോടതിയിൽ ഹാജരാക്കി. ഇവിടെ നിന്ന്‌ ട്രാൻസിറ്റ്‌ വാറന്റ്‌ വാങ്ങിയാണ്‌ പ്രതിയെ വ്യാഴാഴ്ച കൊച്ചിയിലെത്തിച്ചത്‌.

എ.എസ്‌.ഐ. പി.കെ. ഷിബുകുമാർ, സീനിയർ സി.പി.ഒ. എക്സ്‌. ജോസഫ്‌, സി.പി.ഒ.മാരായ നിഖിൽ ജോർജ്‌, എസ്‌. സുമോദ്‌ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.