കൊച്ചി: അധികാരമില്ലാത്തതാണ് കോൺഗ്രസ് ഇപ്പോൾ അഭിമുഖീകരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പി.യുമായ ജയറാം രമേശ് പറഞ്ഞു. ’മാതൃഭൂമി’ക്ക് അനുവദിച്ച പ്രത്യേക ഓൺലൈൻ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്‌ ഇൻഡസ്ട്രി സംഘടിപ്പിച്ച ’ഇന്ത്യ ഫോർവേർഡ്’ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അഭിമുഖം.

കോൺഗ്രസിൽ ആളുകൾ വരും പോകും. കാൽ നൂറ്റാണ്ടിലേറെ കോൺഗ്രസിന്റെ ഭാഗമായിരുന്നവർ പോകുന്നതിൽ വിഷമമുണ്ട്. കോൺഗ്രസ് അധികാരത്തിലില്ലാത്തതാണ് പ്രശ്നം. വിട്ടുപോകുന്നവർക്ക് പിടിച്ചുനിൽക്കാനുള്ള ശേഷിയില്ലെന്നു വേണം കരുതാൻ. അധികാരമുണ്ടായിരുന്നെങ്കിൽ അവർ കോൺഗ്രസിൽ നിന്നു പോകില്ലായിരുന്നു.

കോൺഗ്രസ് ജനാധിപത്യമുള്ള പാർട്ടിയാണ്. ആർക്കും ആർക്കെതിരേയും വിമർശനങ്ങൾ ഉന്നയിക്കാം. മോദിക്കെതിരേയോ അമിത് ഷായ്ക്കെതിരേയോ ബി.ജെ.പി.യിൽ എന്തെങ്കിലും പറയാനാകുമോ. പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണ്. അദ്ദേഹത്തിനെതിരേയും സി.പി.എമ്മിൽ ഒന്നും പറയാനാകില്ല.

തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസ് ഇപ്പോഴും കേരളത്തിൽ സജീവമാണ്. പ്രശ്നങ്ങൾ പരിഹരിക്കാനായി കെ. സുധാകരനും വി.ഡി. സതീശനും എല്ലാവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. കേരളത്തിലായാലും കേന്ദ്രത്തിലായാലും അധികാരത്തിൽ തിരിച്ചെത്താൻ മന്ത്രവും മായാജാലവുമൊന്നുമില്ല. കഠിനാധ്വാനം തന്നെയാണ് വേണ്ടത്.

പരിസ്ഥിതിയും കോവിഡും

മഹാമാരികളും പരിസ്ഥിതിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് മുൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി കൂടിയായ ജയറാം രമേശ് പറഞ്ഞു. വാക്സിനിലൂടെ കോവിഡിനെ താത്കാലികമായി നിയന്ത്രിക്കാമെന്നേയുള്ളു. പരിസ്ഥിതി സന്തുലിതാവസ്ഥ പാലിക്കപ്പെട്ടില്ലെങ്കിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും. കോവിഡ്-19 എന്നത് പൊതു ആരോഗ്യപ്രശ്നം മാത്രമല്ല. അത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടതു കൂടിയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിയന്ത്രിച്ചില്ലെങ്കിൽ കോവിഡ് പോലുള്ള മഹാമാരികൾ ഇനിയും അഭിമുഖീകരിക്കേണ്ടി വരും.

മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ മനുഷ്യൻ ഇടപെടുന്നതാണ്. പലപ്പോഴും ഇക്കോ ടൂറിസത്തിൽ ടൂറിസം മാത്രമേയുള്ളു. ’ഇക്കോ’ അഥവാ പ്രകൃതിസംരക്ഷണം കാണാറില്ല.