കൊച്ചി: രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് ഊർജം പകരാൻ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്‌പന്ന വികസന കേന്ദ്രവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് രണ്ടു ലക്ഷം ചതുരശ്രയടിയുള്ള കെട്ടിട സമുച്ചയം തയ്യാറായത്. പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ ഇൻക്യുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിറ്റൽ ഹബ്ബ് നാടിന് സമർപ്പിക്കും. രൂപകല്പനയ്ക്കും മാതൃകാ വികസനത്തിനുമുള്ള ഏറ്റവും വലിയ കേന്ദ്രമായി മാറുന്നതോടെ ലോകോത്തര ഉത്‌പാദകരും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇവിടേക്ക് എത്തും.

സ്റ്റാർട്ടപ്പ് മിഷന്റെ ടെക്‌നോളജി ഇന്നൊവേഷൻ സോണിന്റെ ഭാഗമാണ് ഡിജിറ്റൽ ഹബ്ബ്. സംസ്ഥാനത്തെ സംരംഭകരെ സഹായിക്കുന്നതിനും സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സാധ്യമാക്കുന്നതിനുമായി ലോകോത്തര സൗകര്യങ്ങൾ വിവിധ മേഖലകളിൽ നിന്നുള്ള ഇൻക്യുബേറ്റർമാർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കറിലാണ് ടെക്‌നോളജി ഇന്നൊവേഷൻ സോൺ സ്ഥിതിചെയ്യുന്നത്. സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ വിഭാഗങ്ങളിലെ ഉത്‌പന്ന രൂപകല്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇവിടത്തെ മികവിന്റെ കേന്ദ്രം മാറും. നിർമിത ബുദ്ധി, റോബോട്ടിക്സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ലാംഗ്വേജ് പ്രോസസിങ്‌ എന്നീ പുത്തൻ സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം. തുടക്കത്തിൽ 2500 പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാർട്ടപ്പുകൾ ഇവിടെ പ്രവർത്തിക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. ജോൺ എം. തോമസ് അറിയിച്ചു.

ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും.