കോട്ടയം: കനത്തമഴയിൽ കോട്ടയത്തെ മലയോരമേഖലകളിൽ വ്യാപക നാശം. പൂഞ്ഞാറിൽ ചോലത്തടം, പെരിങ്ങുളം ഭാഗങ്ങളിൽ രണ്ടിടത്ത്‌ ഉരുൾപൊട്ടി. മണ്ണിടിച്ചിലിൽ അഞ്ചുവീടുകൾക്ക് നാശനഷ്ടമുണ്ടായി. ശനിയാഴ്ച ഉച്ചയ്ക്ക്‌ 12 മണിയോടെയാണ്‌ ഉരുൾപൊട്ടലുണ്ടായത്‌. ഇൗരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളുമായി ഒട്ടേറെ വീടുകളിലും കടകളിലും വെള്ളംകയറി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു. അവധിയാഘോഷത്തിനായി വാഗമണ്ണിലെത്തിയ വിനോദസഞ്ചാരികൾ കുടുങ്ങിയതായാണ്‌ വിവരം.

കാഞ്ഞിരപ്പള്ളിയിൽ ചിറ്റടി മാങ്ങാപ്പാറ, വേങ്ങത്താനം, പാറത്തോട് പഴുമല എന്നിവിടങ്ങളിൽ ചെറിയ ഉരുൾപൊട്ടലുണ്ടായി. പാറത്തോട് ഇടക്കുന്നത്ത് തീരദേശറോഡിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് ഒലിച്ചുപോയി. മഴയിൽ ആദ്യമായി കാഞ്ഞിരപ്പള്ളി പട്ടണം വെള്ളത്തിൽ മുങ്ങി.

എരുമേലി വലിയതോട്‌ കരകവിഞ്ഞ്‌ എരുമേലി ധർമശാസ്താക്ഷേത്രത്തിൽ വെള്ളംകയറി. പമ്പ, അഴുതയാറുകൾ കരകവിഞ്ഞ്‌ മൂക്കൻപെട്ടി, അരയാഞ്ഞിലിമൺ കോസ്‌വേകൾ മൂടി. അരയാഞ്ഞിലിമൺ ഗ്രാമം ഒറ്റപ്പെട്ടു. എരുമേലി ടൗണിൽ നൂറിലധികം കടകളിലും 20 വീടുകളിലും വെള്ളംകയറി.