നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിപണിയിൽ 5.34 കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി വിദേശ വനിത കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ദോഹ വഴി കൊച്ചിയിലെത്തിയ ഐവറി കോസ്റ്റ് സ്വദേശിനി കാനേ സിംപേ ജൂലി (21) ആണ് 580 ഗ്രാം കൊക്കെയ്നുമായി പിടിയിലായത്. മതിയായ രേഖകളില്ലാതെയാണ് ഇവർ കൊച്ചിയിലെത്തിയത്.

എമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞുവെച്ചു. എമിഗ്രേഷൻ വിഭാഗം ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ.) യൂണിറ്റിനെ അറിയിച്ചു. ഡി.ആർ.ഐ. എത്തി ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ലാബിൽ അയച്ച് പരിശോധന നടത്തിയാണ് പിടിച്ചത് കൊക്കെയ്‌ൻ തന്നെയാണോ എന്ന് ഉറപ്പിച്ചത്.

മതിയായ യാത്രാരേഖകൾ ഇല്ലാതെ എത്തുന്നവരെ സാധാരണയായി മടക്കി അയയ്ക്കാറാണ് പതിവ്. കൊക്കെയ്ൻ കണ്ടെത്തിയതിനാലാണ് തിരിച്ചു വിടുന്നതിനു പകരം സ്ത്രീയെ പിടിച്ചുവെച്ചത്.

ഇവരെ ചോദ്യം ചെയ്തപ്പോൾ ഇവരുടെ സംഘത്തിൽപ്പെട്ട മറ്റൊരു യുവതിയെക്കുറിച്ചും ഡി.ആർ.ഐ.യ്ക്ക് വിവരം ലഭിച്ചു. ഇവരെ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽനിന്ന് പിടിച്ചു. ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒടോത്തി ജൂലിയറ്റ് (32) ആണ് പിടിയിലായത്. ഇവർ കഴിഞ്ഞ ജനുവരിയിൽ കൊച്ചിയിലെത്തിയതാണ്. ഇവരും മയക്കുമരുന്നുമായി കൊച്ചിയിലെത്തിയതാണെന്നാണ് നിഗമനം.