ശാസ്താംകോട്ട (കൊല്ലം) : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റംചെയ്ത കേസിൽ ശൂരനാട് വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിനെ അറസ്റ്റുചെയ്തു.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എം.ഗണേഷിനെ കൈയേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ശ്രീകുമാറിന്റെ പരാതിയിൽ ഡോ. എം.ഗണേഷിനെതിരേയും പോലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റിനും ഒപ്പം അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഥിൻ കല്ലടയ്ക്കും ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

ഡോക്ടർമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ശനിയാഴ്ച 11 മണിയോടെയാണ് ഇരുവരെയും ശാസ്താംകോട്ട എസ്.എച്ച്.ഒ. അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രസിഡന്റിനെ വിട്ടയച്ചശേഷമായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധംകാരണം പോലീസ് പിൻവാങ്ങുകയായിരുന്നു.

കിണറ്റിൽവീണ വയോധികയുടെ മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വ്യാഴാഴ്ച രാത്രി സംഘർഷത്തിലും കൈയേറ്റത്തിലും കലാശിച്ചത്. അത്യാഹിതവിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. എം.ഗണേശിനെ കൈയേറ്റം ചെയ്തെന്നായിരുന്നു പരാതി. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്നവരുൾപ്പെടെ ഏഴുപേരെ പ്രതിയാക്കിയാണ് കേസെടുത്തത്. ഇതിൽ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.