കൊല്ലം : ഒരോ തസ്തികയിലും 2022-ൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ ഈമാസം 30-നകം പി.എസ്.സി.യെ അറിയിക്കണമെന്ന് സർക്കാർ നിർദേശം നൽകി. എല്ലാ വകുപ്പുകളിലെയും നിയമന അധികാരികൾക്കാണ് നിർദേശം. റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ വിശദവിവരങ്ങൾ നവംബർ 30-നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനെയും ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിനെയും നിശ്ചിതമാതൃകയിൽ അറിയിക്കുകയും വേണം.

ഒരിക്കൽ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ റദ്ദാക്കാനോ കുറവുവരുത്താനോ കഴിയില്ല. ഒഴിവു നിലവിൽവരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം. ഒരിക്കൽ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവ് സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ മുഖേന നികത്താൻ പാടില്ല. സ്പെഷ്യൽ റിക്രൂട്ട്‌മെന്റിനായി റിസർവ് ചെയ്തവയും ജനറൽ റിക്രൂട്ട്‌മെന്റിനുള്ള ഒഴിവുകളും തരംതിരിച്ചു നൽകണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശിച്ചു.

പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേനയോ ദിവസക്കൂലി, കരാർ പ്രകാരമോ താത്കാലിക നിയമനങ്ങൾ പാടില്ല.

സംസ്ഥാനതല റിക്രൂട്ട്‌മെന്റ് നടത്തുന്ന തസ്തികകളിൽ ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷനായിരിക്കും. ജില്ലാതല റിക്രൂട്ട്‌മെന്റ് നടക്കുന്ന തസ്തികയിൽനിന്നു സ്ഥാനക്കയറ്റം ലഭിച്ച ഒരാൾ വിരമിക്കുമ്പോൾ എവിടെയാണ് എൻട്രി കേഡർ തസ്തികയിൽ ഒഴിവുണ്ടാവുകയെന്നത് വകുപ്പുതലവൻ നിർണയിക്കണം. ജില്ലാ ഓഫീസറാണ് ഇത് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യേണ്ടത്.

സ്പെഷ്യൽ റൂൾസ് പ്രകാരം അനുവദനീയമായ തസ്തികമാറ്റ നിയമനം, അന്തർജില്ലാ അന്തർവകുപ്പ് സ്ഥലംമാറ്റം, ആശ്രിതനിയമനം എന്നിവയ്ക്ക് ആവശ്യമായ ഒഴിവുകൾ നീക്കിവെക്കേണ്ടതാണ്. ആറുമാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, അന്യത്ര സേവന ഒഴിവുകൾ എന്നിവയും റിപ്പോർട്ട് ചെയ്യണം. ആറുമാസം ദൈർഘ്യമുള്ള പ്രസവാവധി ഒഴിവുകൾ റിപ്പോർട്ടു ചെയ്യേണ്ടതില്ല. എന്നാൽ അവധി ആറുമാസത്തിലധികം നീളാനോ പുതിയ ഒഴിവുകൾ അക്കാലയളവിൽ ഉണ്ടാകാനോ സാധ്യതയുണ്ടെങ്കിൽ അതും അറിയിക്കണം.

ഒരു റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ഉണ്ടാകുന്ന ഒഴിവുകളെല്ലാം അതിൽനിന്നുതന്നെ നികത്തണം. ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവുകൾ യഥാസമയം അറിയിക്കേണ്ടതാണ്. പി.എസ്.സി.യുടെ ഇ വേക്കൻസി പേജ് സോഫ്റ്റ്‌വേർ മുഖാന്തരമാണ് ഒഴിവുകൾ അറിയിക്കേണ്ടത്. വീഴ്ചവരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.