മലപ്പുറം: തനിക്കെതിരായ വിവാദങ്ങൾ പ്രതിപക്ഷം സൃഷ്ടിച്ചതാണെന്നും ജനങ്ങൾക്കിടയിൽ യാതൊരു പ്രശ്‌നവുമില്ലെന്നും പി.വി. അൻവർ എം.എൽ.എ. ആഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയശേഷം മലപ്പുറം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിലെ കോൺഗ്രസുകാർ പി.വി. അൻവറിനെ തിരഞ്ഞ്‌ ടോർച്ച് അടിക്കേണ്ട ആവശ്യമില്ല. താൻ നിലമ്പൂരിലെ ജനങ്ങളോടൊപ്പം എപ്പോഴുമുണ്ട്. ടോർച്ച് അടിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അടുത്തേക്കാണ്. ഇന്ത്യയിൽ കോൺഗ്രസ് ആകമാനം തകർന്നു. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിലെ ബി.ജെ.പി.യുടെ നമ്പർ വൺ ഏജന്റാണ് അദ്ദേഹം. കർണാടകയിൽ ഭരണം ഇല്ലാതാക്കി. ഗോവയിൽ ഭരണത്തിൽ കയറാനുള്ള അവസരം കളഞ്ഞുകുളിച്ചു. പഞ്ചാബിലും കോൺഗ്രസിനുള്ളിൽ അടിയാണ്. ഇനി കേരളത്തിലെ കോൺഗ്രസിനെയാണ് അദ്ദേഹം തകർക്കാൻ നോക്കുന്നത്. കെ.സി. വേണുഗോപാലിന്റെ നോമിനിയായാണ് കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റാകുന്നത്. നാളെ ബി.ജെ.പി.യിലേക്ക് പോകുമെന്നു പറഞ്ഞയാളാണ് കെ. സുധാകരനെന്നും പി.വി. അൻവർ ആരോപിച്ചു.

മന്ത്രിപദം നൽകിയാൽ മാത്രമേ താൻ തിരിച്ചുവരികയുള്ളൂവെന്ന് പറഞ്ഞ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെയും അൻവർ വിമർശിച്ചു. വിമർശനം അതിരുവിട്ടാൽ അതേ രീതിയിൽ തിരിച്ചടിക്കും. എന്നു കരുതി വി.ഡി. സതീശൻ പറഞ്ഞപോലെയുള്ള തെറിയൊന്നും തനിക്ക്‌ പറയാനാകില്ല.

ചില മുസ്‌ലിയാക്കൻമാരെ മുന്നിൽനിർത്തി മുസ്‌ലിംലീഗ് സമുദായത്തെ കൊള്ളയടിക്കുകയാണ്. ഇതു മനസ്സിലാക്കി വലിയൊരു വിഭാഗം ആളുകൾ സി.പി.എമ്മിലേക്ക് വരികയാണ്. ആഫ്രിക്കയിൽ ഇപ്പോൾ വളരെ അനുകൂലമായ സാഹചര്യമാണ്. അവിടെ നല്ല തൊഴിലാളിയായി അധ്വാനിക്കുകയാണെന്നും ബിസിനസിന് ആഫ്രിക്ക നല്ല പ്രദേശമാണെന്നും അൻവർ പറഞ്ഞു.

വി.ഡി. സതീശന്‌ മറുപടി സഭയിൽ

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക്‌ നിയമസഭയിൽ മറുപടി നൽകുമെന്ന് അൻവർ പറഞ്ഞു. വി.ഡി. സതീശൻ മണിച്ചെയിൻ നടത്തി ഒട്ടേറെപ്പേരിൽനിന്നാണ് പണം തട്ടിയത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന കേസിന്റെ അവസ്ഥ എന്തായെന്നും നിയമസഭയിൽ ചോദിക്കും.

അൻവർ പോയത് സ്പീക്കറെയും പാർട്ടിയെയും അറിയിച്ച്- വിജയരാഘവൻ

: സ്പീക്കറെയും പാർട്ടിയെയും അറിയിച്ചാണ് പി.വി. അൻവർ ആഫ്രിക്കയിൽ പോയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. എം.എൽ.എ. എന്ന നിലയിൽ നിയമസഭാ ചട്ടപ്രകാരമുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മലപ്പുറത്ത് അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളും പ്രതിപക്ഷവും അൻവറിനെ വേട്ടയാടുന്നു. മാധ്യമങ്ങൾക്ക്‌ വാർത്താദാരിദ്രം നേരിടുമ്പോൾ അൻവറിനുനേരെ തിരിയുകയാണ്. മന്ത്രിയെ കാണാൻ എം.എൽ.എ.മാർ കരാറുകാരെ കൂട്ടി വരേണ്ടന്ന പി.എ. മുഹമ്മദ് റിയാസിന്റെ സമീപനം സദുദ്ദേശ്യപരമാണ്. അതു പാർട്ടിയുടെ നിലപാടുതന്നെയാണെന്നും വിജയരാഘവൻ ആവർത്തിച്ചു.