മമ്പാട്: ഗോൾപോസ്റ്റിൽ തൂക്കിയ വളയത്തിലൂടെ പന്തുപായിച്ച മമ്പാട്ടെ ആ മിടുക്കൻ കുട്ടിയെ മെസ്സി മറന്നിട്ടില്ല. വിജയാഹ്ലാദത്തിൽ മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് വിരലുകളുയർത്തിയ ആ താരാനുകരണക്കാഴ്ചയും മെസ്സി മറന്നില്ല. മെസ്സിയുടെ ഇൻസ്റ്റഗ്രാം പേജിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിൽ മമ്പാട് കാട്ടുമുണ്ടയിലെ മിഷാൽ അബുലൈസ് എന്ന 14-കാരൻ ഇടംപിടിച്ചു.

അഡിഡാസിന്റെ ‘ഇംപോസിബിൾ ഈസ് നത്തിങ്’ എന്ന കാമ്പയിൻ വീഡിയോയാണ് മെസ്സി ശനിയാഴ്ച പങ്കുവെച്ചത്. ഇതിനകം 60 ലക്ഷത്തോളം പേർ കണ്ട വീഡിയോയിലെ തന്റെ ഭാഗം മിഷാൽ തന്റെ പേജിലും പങ്കുവെച്ചു. മുക്കാൽലക്ഷത്തോളം പേരാണ് പിന്തുണയുമായെത്തിയത്.

കഴിഞ്ഞ വർഷമാണ് കാട്ടുമുണ്ടയിലെ വീടിനടുത്ത മൈതാനിയിൽ മിഷാൽ വിസ്മയപ്രകടനം നടത്തിയത്. ഗോൾപോസ്റ്റിൽ തൂക്കിയ വളയത്തിലൂടെ പന്തടിച്ച്‌ ലക്ഷ്യം നേടുന്നതും ഒരേസമയം ഉരുട്ടിവിട്ട വളയങ്ങളിലൂടെ പന്തടിച്ച്‌ ഗോളാക്കുന്നതും മറ്റുമാണ് ചിത്രീകരിച്ചത്. ഇടംകാലും വലംകാലുമൊക്കെ ഇവിടെ മിഷാലിന് വഴങ്ങി. ഗോൾ നേടുമ്പോഴെല്ലാം മുട്ടുകുത്തിയിരുന്ന്‌ ആകാശത്തേക്ക് വിരലുയർത്തി മെസ്സിയെ അനുകരിച്ച് ആ 10-ാം നമ്പർ ജഴ്‌സിക്കാരൻ വിജയാഹ്ലാദം കാട്ടുന്നതും ഇതോടൊപ്പം ശ്രദ്ധ നേടി. ഈ രംഗമാണ് മെസ്സിയുടെ ഇൻസ്റ്റഗ്രാമിൽ ഇടംപിടിച്ചത്.

നേരത്തെ ഈ രംഗങ്ങൾ ലോകം മുഴുവൻ ശ്രദ്ധ നേടിയിരുന്നു. പ്രമുഖ ഫുട്‌ബോൾ താരങ്ങളും ഇ.എസ്.പി.എൻ. അടക്കമുള്ള രാജ്യാന്തരമാധ്യമങ്ങളും പങ്കുവെച്ചു. മെസ്സിയുടെ കടുത്ത ആരാധകനാണ് മിഷാൽ. പിന്നീട് നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പൗലോ ഡിബാല തുടങ്ങിയ താരങ്ങളെ അനുകരിച്ച്‌ ഇതുപോലെ പ്രകടനം നടത്തി. തന്റെ ഫാൻ പേജിലെത്തിയ വീഡിയോ നെയ്മറും ലൈക്ക് ചെയ്തു. മിഷാലിന്റെ സഹോദരൻ വാജിദാണ് ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തിയത്. രാമനാട്ടുകര ചേലാമ്പ്ര എൻ.എം.എച്ച്.എസ്.എസിലെ ഒൻപതാംതരം വിദ്യാർഥിയാണ് മിഷാൽ. കാട്ടുമുണ്ട കണ്ണിയൻ അബുലൈസിന്റെയും എം.കെ. റുബീനയുടെയും മകനാണ്.