തേഞ്ഞിപ്പലം: വിജ്ഞാന-വിനോദ വിതരണം ലക്ഷ്യമിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വന്തമായി കാമ്പസ് റേഡിയോ തുടങ്ങുന്നു. വിദ്യാർഥികൾക്കാവശ്യമായ അറിയിപ്പുകൾ, പഠനവകുപ്പുകളിലെ ഗവേഷണപ്രവർത്തനങ്ങൾ, വിജ്ഞാന പ്രഭാഷണങ്ങൾ എന്നിവയെല്ലാം സംപ്രേഷണം ചെയ്യും.

അക്കാദമികവും അല്ലാത്തതുമായ പൊതുജനതാത്പര്യമുള്ള വിഷയങ്ങൾക്കും പരിഗണന നൽകും. വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയ്യാറാക്കുക. സർവകലാശാലയിൽ നിർമിക്കുന്ന അറിവുകൾ പൊതുസമൂഹത്തിനുകൂടി ലഭ്യമാക്കാൻ കാമ്പസ് റേഡിയോ വഴി സാധിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

ഇന്റർനെറ്റ് റേഡിയോ എന്ന രീതിയിലാകും തുടക്കം. പിന്നീട് കമ്യൂണിറ്റി റേഡിയോ ആയി ഉയർത്തും. സ്റ്റുഡിയോയും അനുബന്ധ സാങ്കേതികസൗകര്യങ്ങളും ഒരുക്കുന്നതിന് 14.49 ലക്ഷം രൂപയാണ് കണക്കാക്കിയത്. നിശ്ചിത സമയത്തായിരിക്കും പ്രക്ഷേപണം. റേഡിയോ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്നതരത്തിലാണ് സജ്ജമാക്കുക.

ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കൽ സമിതി (ഐ.ക്യു.എ.സി.) ശുപാർശ ചെയ്ത പദ്ധതിക്ക് സിൻഡിക്കേറ്റ് അംഗീകാരമായി. പ്രാഥമിക ചർച്ചകൾ നടത്തിയതായി കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റംഗവുമായ ഡോ. എം. മനോഹരൻ അറിയിച്ചു. യോഗത്തിൽ സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. കെ.ഡി. ബാഹുലേയൻ എന്നിവരും പങ്കെടുത്തു.

റേഡിയോയ്ക്ക് പേരിടാം

കാമ്പസ് റേഡിയോയ്ക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിച്ചു. ഹ്രസ്വവും പുതുമയാർന്നതും ആകർഷകവുമായ പേരും ലോഗോയും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നിർദേശിക്കാം. ലോഗോ പി.ഡി.എഫ്. രൂപത്തിലുള്ളതായിരിക്കണം. പകർപ്പവകാശം സർവകലാശാലയ്ക്കായിരിക്കും. radio@uoc.ac.in എന്ന ഇ-മെയിലിലേക്ക് നവംബർ 10-നകം അയക്കണം.