കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ പ്രഥമ മേയറാവാൻ എം. ബാവുട്ടിഹാജിക്ക് സാധിച്ചില്ലെങ്കിലും അതേ ഭരണസമിതിയുടെ കാലയളവിൽത്തന്നെ സാരഥ്യം ഏറ്റെടുത്ത ഈ വ്യാപാരപ്രമുഖൻ മുസ്‌ലിം ലീഗിന്റെ സംസ്ഥാനത്തെ ആദ്യമേയറായി. കമ്യൂണിസ്റ്റ് നേതാവ് എച്ച്. മഞ്ചുനാഥറാവു ആണ് 1962-ൽ നിലവിൽവന്ന കോർപ്പറേഷന്റെ ആദ്യമേയർ. അന്ന് ഡെപ്യുട്ടിമേയറായിരുന്നു ബാവുട്ടിഹാജി.
മേയറായി ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ ചൈനീസ് ആക്രമണത്തിന്റെ കാലത്ത് മഞ്ചുനാഥറാവു കരുതൽ തടങ്കലിലായി. കമ്യൂണിസ്റ്റ് പാർട്ടിയും ലീഗും ചേർന്ന് പൗരമുന്നണി എന്ന പേരിലാണ് മത്സരിച്ചത്. ഡെപ്യുട്ടി മേയർ ബാവുട്ടിഹാജിക്ക് മേയറുടെ താത്‌കാലിക ചുമതല നൽകി. പിന്നീട് മുന്നണി ധാരണപ്രകാരം 1963-ലും 64-ലും ഹാജിയായിരുന്നു നഗരപിതാവ്. കുറ്റിച്ചിറ വാർഡിൽനിന്ന് മൂന്നുതവണ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ആദ്യ മുസ്‌ലിം മേയർ എന്ന ബഹുമതി സ്വന്തമാക്കിയ ഇദ്ദേഹം കോഴിക്കോട്ട് രൂപംകൊണ്ട പ്രഥമ മുസ്‌ലിം ലീഗ് കമ്മിറ്റിയിൽ നിർവാഹകസമിതി അംഗമായിരുന്നു. രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച ബാവുട്ടിഹാജി മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ സി.എ. കുഞ്ഞിമൂസ കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.
അനാഥമന്ദിരസമാജം, ജെ.ഡി.ടി. ഇസ്‌ലാം അനാഥാലയം, ഹിമായത്തുൽ ഇസ്‌ലാം സ്കൂൾ, കുറ്റിച്ചിറ ജുമാഅത്ത് പള്ളി തുടങ്ങിയ സംരംഭങ്ങളുടെ മുൻനിര പ്രവർത്തകനായിരുന്നു. ബാവുട്ടിഹാജിയുടെ മകൻ വി.പി. കുഞ്ഞിമൂസ വലിയങ്ങാടി ഡിവിഷനിൽനിന്ന് ഒരുതവണ കൗൺസിലറായിട്ടുണ്ട്. ആദ്യഡെപ്യുട്ടി മേയറുടെ സ്മരണാർഥം അദ്ദേഹം കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുറ്റിച്ചിറയിൽ ബാവുട്ടിഹാജി റോഡും ഹിമായത്തുൽ ഇസ്‌ലാം സ്കൂൾ പരിസരത്ത് ബാവുട്ടിഹാജി ഗേറ്റും ഉണ്ട്. സി.എച്ച്. മുഹമ്മദ്കോയ ഉൾപ്പെടെയുള്ള ലീഗിന്റെ ഉന്നത നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. 1979-ൽ മരിച്ചു.