കണ്ണൂർ: മലബാറിൽ നേരത്തേ സ്ഥാനാർഥി പ്രഖ്യാപനം കഴിച്ച് പ്രചാരണത്തിനിറങ്ങിയവർ ‘കുടുങ്ങും’. കോവിഡ് കാലത്ത് ഒരു മാസത്തോളം പ്രചാരണത്തിൽ മുഴുകണം അവർ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഡിസംബർ 14-നാണ് തിരഞ്ഞെടുപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി നവംബർ 23 ആണ്. അതുകഴിഞ്ഞാൽ പ്രചാരണത്തിന് ഡിസംബർ 12 വരെ സമയമുണ്ട്. 19 ദിവസം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഡിസംബർ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് 13 ദിവസം പ്രചാരണം മതി. 10-ന് തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 15 ദിവസവും. ഒരു തദ്ദേശ വാർഡിൽ 700 മുതൽ 1600 വരെയാണ് ശരാശരി വോട്ടർമാർ. ഇത്രയുംപേരെ എത്ര വട്ടം നേരിൽ കാണാനും സ്ഥാനാർഥികൾക്ക് സമയം കിട്ടും. കൂടുതൽ തവണ പോയി ബോറടിപ്പിക്കേണ്ടിവരുമോ എന്ന ആശങ്ക ചുരുക്കം പേർക്കെങ്കിലും ഉണ്ട്. നിയമസഭയോ ലോക്‌സഭയോ ആയിരുന്നെങ്കിൽ ഇത് ഗുണപ്രദമായിരുന്നു. നിയമസഭാ മണ്ഡലത്തിൽ ഒന്നര ലക്ഷത്തോളവും ലോക്‌സഭാ മണ്ഡലത്തിൽ പന്ത്രണ്ടുലക്ഷത്തിലേറെയും വോട്ടർമാരുണ്ട്. ഓടിനടക്കാൻ വിശാലമായ സ്ഥലങ്ങളും.