മലപ്പുറം: ഈ വോട്ടുകാലത്ത് പ്രാദേശിക രാഷ്ട്രീയക്കാർ ഒരിക്കൽക്കൂടി ആ സത്യം തിരിച്ചറിയുകയാണ്: നഗരമല്ല, ഗ്രാമം തന്നെയാണ് അവസരങ്ങളുടെ പറുദീസ.
നഗരസഭകളിലും കോർപറേഷനുകളിലുമുള്ളവർക്ക് അവിടെ മാത്രമേ മത്സരിക്കാൻ വകുപ്പുള്ളൂ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് പറ്റില്ല. എന്നാൽ, ഗ്രാമപ്പഞ്ചായത്തിലുള്ളവർക്ക് ത്രിതല പഞ്ചായത്തുകളിലേക്കും അങ്കത്തിനിറങ്ങാം. മൂന്നിലും അർഹതയുള്ളതിനാൽ സീറ്റ് സാധ്യതയും കൂടുതൽ.
അവസരം കുറവാണെങ്കിലും നഗരത്തിൽ നേതാക്കൾക്ക് പഞ്ഞമില്ല. അതുകാരണം സീറ്റ് കിട്ടാത്ത ജില്ലാ നേതാക്കൾ വരെയുണ്ട്. നാട്ടിലെ വേരും വോട്ടർപട്ടികയിലെ പേരും വെട്ടി നഗരത്തിലേക്ക് ചേക്കേറിയവർ സ്വയം പഴിക്കുകയാണിപ്പോൾ. പഴയ ഗ്രാമക്കാരുടെ പോരാട്ടം കണ്ട് വെള്ളമിറക്കാനേ തരമുള്ളൂ.
വോട്ടറെന്ന നിലക്കും ഗ്രാമക്കാർക്കാണ് കൂടുതൽ ഗ്ലാമർ. നഗരസഭയിലും കോർപറേഷനിലും ഒരു വാർഡിലെ സ്ഥാനാർഥികളേ വോട്ടുതേടി വരൂ. ഗ്രാമത്തിലാണെങ്കിൽ ത്രിതല പഞ്ചായത്തുകളിലേക്കുള്ളവരെല്ലാം എത്തും. സ്ഥാനാർഥികൾ കൈകൂപ്പി മുന്നിൽ നിൽക്കുന്നതും ഒരു സുഖമാണല്ലോ...