തൊടുപുഴ: കോവിഡ് കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് ഇനിയും കോവിഡ് പ്രതിരോധ വാക്‌സിൻ ലഭിച്ചില്ല. രണ്ടാം തരംഗത്തിൽ കോവിഡ് കൂടുതൽ അപകടകാരിയാകുമ്പോൾ ഇവർക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ നൽകണമെന്നും മറ്റ് സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

സംസ്ഥാനത്ത് 4200-ലധികം സ്വകാര്യ ആംബുലൻസുകളാണുള്ളത്. ഇതിൽ ഒൻപതിനായിരത്തോളം ജീവനക്കാരുമുണ്ട്. ഇവരെല്ലാം കോവിഡ് രൂക്ഷമായതോടെ വിശ്രമില്ലാതെ ജോലി ചെയ്യുകയാണ്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വാക്‌സിൻ ലഭിച്ചെങ്കിലും സ്വകാര്യ മേഖലയെ പരിഗണിച്ചിരുന്നില്ല. സ്വകാര്യ മേഖലയിലെ ഒട്ടുമുക്കാൽ ജീവനക്കാർക്കും വാക്‌സിൻ ലഭിച്ചില്ല. എന്നിട്ടും മടികൂടാതെ ജോലി ചെയ്യുകയാണ്.

ഇപ്പോൾ പലർക്കും രോഗം പിടിപെട്ടുകഴിഞ്ഞു. തൊടുപുഴയിൽ മാത്രം 10 സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കാണ് ഇപ്പോൾ കോവിഡ്‌ബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എത്രയും പെട്ടെന്ന് വാക്‌സിൻ നൽകി സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരുടെ ജീവൻ സംരക്ഷിക്കണമെന്ന് കെ.എ.ഡി.ടി.എ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.സി.യേശുദാസ് ആവശ്യപ്പെട്ടു.

ഇനിയും കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. കൂട്ടത്തോടെ രോഗം വന്നാൽ ആംബുലൻസ് ഓടിക്കാൻ ആളെ കിട്ടാതാകും. മറ്റ് ഡ്രൈവർമാരെക്കൊണ്ട് സർവീസ് നടത്താമെന്നു കരുതിയാലും ആംബുലൻസ് ഓടിച്ച് പരിശീലനമില്ലാത്തത് വെല്ലുവിളിയാകും.

കൺസോർഷ്യം ഓഫ് ഇന്ത്യൻ ആംബുലൻസ് ഡ്രൈവേഴ്‌സ് (സി.ഐ.എ.ഡി.), കേരള ആംബുലൻസ് ഡ്രൈവേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ (കെ.എ.ഡി.ടി.എ.), എമർജൻസി ആംബുലൻസ് റെസ്‌ക്യു ടീം (ഇ.എ.ആർ.ടി.), ആംബുലൻസ് എമർജൻസി റെസ്‌പെൺസ് ടീം (എ.ഇ.ടി.) എന്നീ സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും നിവേദനം നൽകിയത്. സംഘടനകൾ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് കുറച്ച് ആംബുലൻസ് ഡ്രൈവർമാർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും എത്രയും പെട്ടെന്ന് വാക്‌സിൻ നൽകണമെന്ന് കെ.എ.ഡി.ടി.എ. സംസ്ഥാന ട്രഷറർ മുഹമ്മദ് ജലീൽ ആവശ്യപ്പെട്ടു.