പത്തനംതിട്ട: കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാംശാഖയിലെ ജീവനക്കാരൻ വിജീഷ് വർഗീസ് നടത്തിയ സാമ്പത്തികത്തട്ടിപ്പിൽ നിർണായക തെളിവായി സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചു. ബാങ്കിലെ ഉയർന്ന ജീവനക്കാരുടെ കംപ്യൂട്ടറുകൾ അവരുടെ അസാന്നിധ്യത്തിൽ വിജീഷ് ഉപയോഗിക്കുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ നവംബർ മുതൽ മൂന്നരമാസക്കാലത്തെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോൾ ശേഖരിച്ചിട്ടുള്ളത്. ഇതിൽ വിജീഷ് വർഗീസിന്റെ ആസൂത്രിത നീക്കങ്ങളും വ്യക്തമാണ്.

മാനേജരടക്കം ഉയർന്ന ജീവനക്കാർ ഉച്ചഭക്ഷണത്തിനും മറ്റും പുറത്തുപോകുന്ന സമയങ്ങളിൽ അവരുടെ കംപ്യൂട്ടറുകൾ വിജീഷ്‌ അതിവേഗം ഉപയോഗിക്കുന്നതായി കാണാം. ബാങ്ക് ശാഖയിലെ കംപ്യൂട്ടറുകൾ സ്ലീപ്പ് മോഡിലേക്ക് പോകുന്നതിനുള്ള സമയപരിധി 300 സെക്കൻഡാണ്. ഉയർന്ന ജീവനക്കാർ സീറ്റ് വിട്ടുപോകുന്ന വേളയിൽ, െഡസ്‌ക് ടോപ്പുകൾ സ്ലീപ്പ് മോഡിലേക്ക് പോകാതിരിക്കാൻ വിജീഷ് വർഗീസ് കംപ്യൂട്ടർ കീബോർഡിലും മൗസിലും സ്പർശിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. അഞ്ചുമിനിറ്റ് സമയംകൂടി ഈ കംപ്യൂട്ടറുകൾ ഉപയോഗിക്കാനുള്ള സാഹചര്യം ഇതോടെ തുറന്നുകിട്ടുന്നു. തുടർന്ന്, പണം പ്രത്യേക അക്കൗണ്ടുകളിലേക്ക്‌ മാറ്റുന്ന നടപടികൾ വിജീഷ് സ്വന്തം ക്യാബിനിലെ കംപ്യൂട്ടറിൽ ചെയ്യും. മറ്റുള്ളവരുടെ കംപ്യൂട്ടറുകൾ ഉപയോഗിച്ച് നടപടി തുടർന്ന് പൂർത്തിയാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ, കംപ്യൂട്ടർ ഇടപാടുകൾ നടത്തുമ്പോൾ സമാന്തരമായി കടലാസ് ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇരുനടപടികളും പരിശോധിച്ച് കൃത്യത ഉറപ്പാക്കുന്നതിൽ ഉയർന്ന ജീവനക്കാർ കാട്ടിയ അനാസ്ഥയും 14 മാസംവരെ തട്ടിപ്പ് നീളാൻ ഇടയാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. തട്ടിപ്പിനുശേഷം കുടുംബസമേതം കടന്നുകളഞ്ഞ വിജീഷിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ തുടരുകയാണ്. ഉച്ചഭക്ഷണം ഉപേക്ഷിച്ചും ജോലിയിൽ മുഴുകുന്ന പ്രകൃതക്കാരനായിരുന്നു വിജീഷെന്ന് സഹപ്രവർത്തകർ പറയുന്നു. ഇത്തരം നീക്കങ്ങളിലൂടെ സഹപ്രവർത്തകർക്കിടയിൽ മതിപ്പ് സൃഷ്ടിക്കാൻ ആദ്യംമുതൽ ഇയാൾ ശ്രമിച്ചിരുന്നു. നേവിയിൽനിന്ന് വിരമിച്ചശേഷമാണ് വിജീഷ് ബാങ്കിലെ ജോലിക്കെത്തിയത്. ഇതും വിശ്വാസ്യത കൂട്ടി. ഇതെല്ലാം തട്ടിപ്പിന് ഇയാൾ മറയാക്കിയതായി പോലീസ് പറഞ്ഞു.