തിരുവനന്തപുരം: സംസ്ഥാനത്തും കോവിഡ് രോഗികളിൽ പ്രത്യേക ഫംഗസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഫംഗസ് ചികിത്സയ്ക്കായി പ്രത്യേക മാർഗനിർദേശവും പുറത്തിറക്കി.

ഫംഗസ് ബാധയ്ക്ക് സാധ്യതയുള്ളത് ഐ.സി.യു.വിലെ രോഗികളിലും ഐ.സി.യു. അന്തരീക്ഷത്തിലുമാണെന്നും മാർഗരേഖയിൽ പറയുന്നു. അതുകൊണ്ടുതന്നെ എല്ലാ ഐ.സി.യു.കളിലും ഫംഗസ് ബാധ ഉണ്ടോയെന്ന് ഉടൻ പരിശോധന നടത്തണം. വിവരം കേരള സ്റ്റേറ്റ് മെഡിക്കൽ ബോർഡിനെ അറിയിക്കണം. ഇക്കൊല്ലം ജനുവരിമുതൽ റിപ്പോർട്ട് ചെയ്ത രോഗത്തിന്റെ വിവരങ്ങളും അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് രോഗികളെ ആശുപത്രിയിൽനിന്ന് ഡിസ്ച്ചാർജ് ചെയ്യുമ്പോൾ ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ബോധവത്കരിക്കണം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുപേരിൽ പ്രത്യേക ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത പ്രമേഹ രോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഈ ഫംഗസ്ബാധയുണ്ടാകുന്നത്.

കോവിഡിനൊപ്പംതന്നെ ഫംഗസ് ബാധയുണ്ടാകാം. കോവിഡ് ഭേദമായി ആഴ്ചകൾക്കു ശേഷമോ മാസങ്ങൾക്കു ശേഷമോ ഈ ഫംഗസ് ബാധയുണ്ടാകാമെന്നും ഡോക്ടർമാർ പറയുന്നു. ഫംഗസ് ബാധയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണം.