തിരുവനന്തപുരം: ഓക്സിജൻ ഉപയോഗവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ സേന നടത്തിയ പരിശോധനകളിൽ സംസ്ഥാനത്തെ 250 ആശുപത്രികളിൽ സുരക്ഷാ വീഴ്ച കണ്ടെത്തി. ഓക്സിജന്റെ അളവ്, സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതിലെ അശാസ്ത്രീയത, വയറിങ് സംവിധാനങ്ങൾ എന്നിവയിലാണ് പ്രധാനമായും വീഴ്ച കണ്ടെത്തിയത്.

ഐ.സി.യു. ഉൾപ്പെടെയുള്ള ആശുപത്രി മുറികളിൽ അനുവദനീയമായതിൽ കൂടുതൽ ഓക്സിജനുണ്ടെങ്കിൽ തീ പടരാനുള്ള സാധ്യതയുണ്ട്. ചില സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ അഗ്‌നിബാധയുണ്ടാക്കിയത് അന്തരീക്ഷത്തിലെ അമിത ഓക്സിജൻ സാന്നിധ്യമാണ്. അപകടമൊഴിവാക്കാൻ ഓക്സിജൻ നില തുടർച്ചയായി പരിശോധിക്കാൻ അഗ്‌നിരക്ഷാ സേന നിർദേശം നൽകി.

19 മുതൽ 23.5 ശതമാനം വരെയാണ് അന്തരീക്ഷത്തിലെ സുരക്ഷിതമായ ഓക്സിജന്റെ അളവ്. ഇതിൽ കൂടുതൽ ഓക്സിജനുണ്ടെങ്കിൽ ചെറിയ തീപ്പൊരിയിൽനിന്നുപോലും വൻ അഗ്‌നിബാധയുണ്ടാകുമെന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു.

രോഗികൾക്ക് ഓക്സിജൻ പകരുന്ന മാസ്‌കിൽനിന്നു വാതകം പുറത്തേക്കു പടരാറുള്ളതിനാൽ ഐ.സി.യു. പോലുള്ള അടച്ചിട്ട മുറികളിൽ ഓക്സിജൻ അളവ് വർധിക്കും. ഐ.സി.യു.കളിൽ നേരത്തേയും ഓക്സിജൻ ഉപയോഗിച്ചിരുന്നു. എന്നാലിപ്പോൾ കോവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ ഓക്സിജൻ ഉപയോഗം കൂടുതലാണ്. ഇതാണ് അപകടസാധ്യത കൂട്ടുന്നത്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ ഐ.സി.യു.കൾക്കുള്ളിൽ ഓക്സിജൻ സാന്ദ്രത കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇടയ്ക്കിടെ ജനാലകൾ തുറന്ന് വായുസഞ്ചാരം ഉറപ്പാക്കി അപകടസാധ്യത കുറയ്ക്കാനാകും.

ഫിനോളും ബ്ലീച്ചിങ് പൗഡറും അടുത്തടുത്ത് സൂക്ഷിച്ചാലും തീ പടരും. ചില ആശുപത്രികളുടെ സ്റ്റോറുകളിൽ ഇവ ഒരുമിച്ചാണ് സൂക്ഷിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാൻ വയറിങ് സംവിധാനങ്ങളും അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ പരിശോധിച്ചു.